പാലക്കാട്: കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ ആട് ആന്റണിയെ പിടികൂടിയ പോലീസ് സംഘത്തിന് അഭിനന്ദനപ്രവാഹം. സംഘത്തിലെ പോലീസുകാര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തര മന്ത്രിയും ഡിജിപിയും പ്രഖ്യാപിച്ചു. 2012 ജൂണ്‍ 26 ന് പുലര്‍ച്ചെ ഒരു മണിക്ക് പാരിപ്പള്ളിക്ക് സമീപം സംശയാസ്പദമായി കണ്ട മാരുതി വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയിലായിരുന്നു പോലീസ് ഉദ്യോഗസ്ഥനുനേരെ ആട് ആന്റണിയുടെ ആക്രമണം. ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ. ജോയിയെ കുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ മണിയന് പിള്ള തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് മാരകമായി കുത്തിപ്പരിക്കേല്പിച്ചത്. മണിയന്‍പിള്ളയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊലയ്ക്കുശേഷം തിരുവനന്തപുരത്തെ വാടകവീട്ടിലെത്തി ഭാര്യ സൂസനെയും കൂട്ടി മുങ്ങി ഇയാള്‍. പോലീസ് പിന്തുടരുന്നതറിഞ്ഞ് വഴിയില്‍ സൂസനെ ഉപേക്ഷിച്ച് കടന്നു. മഹാരാഷ്ട്രയിലെ ഷിര്ദിസില് നിന്ന് സൂസനെ പിന്നീട് പിടികൂടി. ഭാര്യമാരില്‍ സൂസന്, ഗിരിജ എന്നിവരെയും സൂസന്റെ ഗര്‍ഭിണിയായ മകള്‍ ശ്രീലതയെയും പോലീസ് അറസ്റ്റുചെയ്തു. ജയിലില്‍ വച്ചാണ് ശ്രീലത പ്രസവിച്ചത്. ഇവരെല്ലാം പിന്നീട് ജയില്‍ മോചിതരായി.
ആട് മോഷണത്തില്‍ നിന്നായിരുന്നു കുറ്റകൃത്യങ്ങളുടെ തുടക്കം. ആട് ആന്റണിയെന്ന പേര് ലഭിച്ചത് അതില്‍ നിന്നാണ്. പിന്നീട് ഇലക്ടോണിക് ഉപകരണങ്ങള്‍മാത്രം മോഷ്ടിക്കാന്‍ തുടങ്ങി. വിലയേറിയ ടെലിവിഷനുകളും ലാപ്ടോപ്പുകളുമാണ് പ്രധാനമായും മോഷ്ടിച്ചിരുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കാന്‍ വിദഗ്ദ്ധനായിരുന്ന ആന്റണി ടെക്നോളജി മാസികകള്‍ പതിവായി വായിച്ചിരുന്നു. ഇയാളുടെ കൊല്ലത്തെ താമസ സ്ഥലം റെയ്ഡ് ചെയ്ത പോലീസ് നിരവധി ഇലക്ടോണിക് ഉപകരണങ്ങളും ടെക്നോളജി മാസികകളും പിടിച്ചെടുത്തിരുന്നു. 50 ലക്ഷത്തിലേറെ വിലവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം ആന്റണിയെ തേടി നടന്നതിനിടെ ആന്റണിയും ഭാര്യമാരില്‍ ഒരാളായ സൂസിയും തിരുവനന്തപുരത്തെ ബാങ്കില്‍ നില്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത് പോലീസിന് നാണക്കേടായി.
ആന്റണിയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ സഹായംതേടി ‘ജസ്റ്റിസ് ഫോര്‍ മണിയന്‍പിള്ള’ എന്ന ഫെയ്സ് ബുക് പേജും തുടങ്ങിയിരുന്നു. ആന്റണിയുടെ വിവിധ രൂപഭാവങ്ങളുടെ ചിത്രങ്ങളടങ്ങിയ ബഹുവര്‍ണ പോസ്റ്ററുകള്‍ തയ്യാറാക്കി വിവിധ സ്ഥലങ്ങളില്‍ പോലീസ് പതിച്ചിരുന്നു. നേപ്പാള്‍ അടക്കമുള്ള രാജ്യങ്ങളില്‍പോയി അന്വേഷണം നടത്തിയെങ്കിലും പോലീസിന് പിടികൊടുക്കാതെ മൂന്നുവര്‍ഷം ആട് ആന്റണി ഒളിവില്‍ കഴിഞ്ഞു.
രണ്ട് മക്കളുള്ള ബിന്ദു എന്ന സ്ത്രീയെ ഒരുവര്‍ഷംമുമ്പ് കല്യാണം കഴിച്ചശേഷം അവരോടൊപ്പം പാലക്കാട്ടും തമിഴ്നാട് തിരുപ്പൂരിനടത്ത് ധാരാപുരത്തുമായി കഴിയുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ സെല്‍വരാജ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയെ കല്യാണം കഴിച്ചത്. തുണി, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ കച്ചവടംചെയ്യുകയാണ് ജോലിയെന്നായിരുന്നു ധരിപ്പിച്ചത്.
ചിറ്റൂര്‍ എസ്.ഐ ബിനു, സി.പി.ഒമാരായ അശോക് കുമാര്‍, ജലീല്‍, മന്‍സൂര്‍, നസീര്‍ അലി, ജേക്കബ്, സജി, വിനീത്, വനിതാ പൊലീസ് പ്രമീള എന്നിവരും അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: