കാഞ്ഞങ്ങാട്:’മുസ്ലീം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ യൂത്ത് ലീഗ് നേതാവ് മത്സരിക്കുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ 38ാം വാര്‍ഡായ ആവിയിലാണ് ലീഗിന്റെ ചെയര്മാന് സ്ഥാനാര്‍ത്ഥിയും മുന്‍ നഗരസഭ ചെയര്‍മാനുമായിരുന്ന അഡ്വ.എന്‍.എ.ഖാലിദിനെതിരെ മരുമകന് കൂടിയായ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മഹമ്മൂദ് മുറിയനാവി മത്സരിക്കുന്നത്. മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയ ഉടനെ തന്നെ യൂത്ത് ലീഗിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി ഓഫീസില്‍ കരിങ്കൊടി കെട്ടിയിരുന്നു.
കാഞ്ഞങ്ങാട് രാജ് റസിഡന്‍സി ബാറിന് നിരാക്ഷേപ പത്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായവര് മത്സരിക്കേണ്ടെന്നാണ് വിമത വിഭാഗം പറയുന്നത്. കല്ലൂരാവിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഷക്കീന യൂസഫ്, പട്ടാക്കല്‍ സ്ഥാനാര്‍ത്ഥി കൗണ്‍സിലറുമായിരുന്ന അസിനാര്‍ കല്ലൂരാവി എന്നിവരെയും മത്സരിപ്പിക്കാന്‍ പാടില്ലെന്നാണ് യൂത്ത് ലീഗിന്റെ വിമത വിഭാഗം ആവശ്യപ്പെടുന്നത്. എന്‍.എ.ഖാലിദിനെതിരെ മത്സരിക്കുന്ന മഹമ്മൂദ് മുറിയനാവിയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തര്‍ കമ്മറ്റിയും ഉണ്ടാക്കിക്കഴിഞ്ഞു. ആവിയില്‍ മഹമ്മൂദിനുള്ള ജനസ്വാധീനം എന്‍.എ.ഖാലിദിന്റെ വിജയസാധ്യതയെ ഇല്ലാതാക്കുമെന്നും സംസാരമുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: