ന്യൂദല്‍ഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തിനു കീഴില്‍ രാജ്യത്തെ 78 ലൈറ്റ് ഹൗസുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും. ഇതിനുള്ള പദ്ധതി കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ്ഹൗസസ് ആന്‍ഡ് ലൈറ്റ്ഷിപ്പ്സും(ഡിജിഎല്എല്) ചേര്‍ന്ന് തയ്യാറാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ 78 ലൈറ്റ് ഹൗസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
ലൈറ്റ് ഹൗസുകളോട് ചേര്‍ന്നുള്ള സ്ഥലത്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, സന്ദര്‍ശക ഗ്യാലറികള്‍, സമുദ്ര മ്യൂസിയങ്ങള്‍, പൈതൃക മ്യൂസിയങ്ങള്‍, സാഹസിക കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, വിഷയാധിഷ്ഠിത റസ്റ്ററന്റുകള്‍, സുവനീര്‍ ഷോപ്പുകള്‍, ലേസര്‍ ഷോകള്‍, സ്പാ, ആംഫി തിയേറ്റര്‍, അനുബന്ധ ടൂറിസം സൗകര്യങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കും.
ഗോവയിലെ അഗൗഡ, ഒഡീഷയിലെ ചന്ദ്രഭാഗ, മഹാബലിപുരം, തമിഴ്നാട്ടിലെ കന്യാകുമാരി, മുട്ടം, കേരളത്തിലെ തിക്കോടിയിലെ കടലൂര്‍ പോയിന്റ്, മഹാരാഷ്ട്രയിലെ കനോജി അംഗ്രേ, സുങ്ക് റോക്ക്, ലക്ഷദ്വീപിലെ മിനികോയ് എന്നീ എട്ട് ലൈറ്റ്ഹൗസുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ഡിജിഎല്എല് യോഗ്യതാ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. മറ്റ് 70 ലൈറ്റ് ഹൗസുകളുടെ വികസനത്തിന് താത്പര്യ പത്രവും ക്ഷണിച്ചു.
7517 കിലോമീറ്റര്‍ തീരപ്രദേശത്ത് 189 ലൈറ്റ് ഹൗസുകളാണ് രാജ്യത്തുള്ളത്. തമിഴ്നാട്ടിലെ ചെന്നൈ, മഹാബലിപുരം എന്നിവിടങ്ങളിലെയും കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളിലെയും ലൈറ്റ്ഹൗസുകള്‍ ഡിജിഎല്എല് വിനോദസഞ്ചാര കേന്ദ്രങ്ങളായി വിജയകരമായി വികസിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: