തിരുവനന്തപുരം: ഇന്നലെവരെ വെള്ളാപ്പള്ളി ഇടതിനും വലതിനും നല്ല പിള്ളയായിരുന്നു. ഹിന്ദുഐക്യ നീക്കവും പാര്‍ട്ടി രൂപീകരണവും ശക്തമാക്കാന്‍ ഇറങ്ങിയപ്പോള്‍ കൊള്ളാത്തവനായി. പുതിയ പാര്‍ട്ടിയെ തങ്ങളുടെ താളത്തിനൊത്ത് തുള്ളാന്‍ കിട്ടില്ലെന്നുറപ്പായപ്പോള്‍ കള്ളനും കൊലപാതകിയുമാക്കാനായി ശ്രമം. ആദ്യം മൈക്രോ ഫൈനാന്‍സിലാണ് കയറിപ്പിടിച്ചത്. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ മൈക്രോ ഫൈനാന്‍സ് ആരംഭിച്ചപ്പോള്‍ പാവപ്പെട്ടവര്ക്കത് അത്താണിയായി.
ആയിരക്കണക്കിന് കുടുംബങ്ങള്‍ ബ്ലേഡ് മാഫിയയുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടു. സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരായി. അതിനെ തകര്‍ക്കാനുള്ള സംഘടിത നീക്കമാണ് ഇടതുപക്ഷം നടത്തിയത്. 5 കോടി വായ്പയെടുത്ത് ആരംഭിച്ച പദ്ധതിവഴി 15 കോടി വെള്ളാപ്പള്ളി തട്ടിയെടുത്തു എന്നായിരുന്നു വിഎസിന്റെ പ്രസ്താവന. അന്വേഷണം നടത്താന്‍ വെള്ളാപ്പള്ളി വെല്ലുവിളിക്കുകയും ചെയ്തു.
ഏറ്റവും അവസാനത്തേതാണ് സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള പുതിയ വിവാദം. പതിമൂന്ന് വര്‍ഷം മുമ്പ് ശാശ്വതീകാനന്ദ മരണപ്പെട്ടപ്പോള്‍ തന്നെ ആരോപണം വന്നിരുന്നു. അന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ച് തള്ളുകയും ചെയ്തു. വീണ്ടും അത് പൊടിതട്ടിയെടുത്ത് ചര്‍ച്ചയാക്കിയത് സിപിഎമ്മാണ്. കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം സിപിഎം ചാനലാണ് പഴയ ആരോപണങ്ങളില്‍ ഒരു പുതുമയുമില്ലാതെ ചര്‍ച്ചക്കെടുത്തത്.
ശാശ്വതീകാനന്ദയുടെ മരണത്തിനുശേഷം ഇടതുപക്ഷവും വലതുപക്ഷയും കേരളം ഭരിച്ചു. അന്നൊന്നും ദുരൂഹത നീക്കാന്‍ ഒരന്വേഷണം കൂടി വേണമെന്ന് ചിന്തിച്ചില്ല. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കുകയും രാഷ്ട്രീയപാര്‍ട്ടി രൂപീകരണം ചെറുക്കുകയുമാണ് പുതിയ നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തം. തെളിവുണ്ടെങ്കില്‍ പുനരന്വേഷണം നടത്തുമെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ ആദ്യ നിലപാട്. പുതിയ ഒരു തെളിവും പുറത്തുവന്നില്ലെങ്കിലും അന്വേഷിക്കാമെന്ന തീരുമാനമാണ് ഒടുവില്‍ വന്നത്. ഏതന്വേഷണവും നടക്കട്ടെ എന്ന നിലപാടാണ് വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കിയത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ തേജോവധം ചെയ്യുക എന്ന ഒറ്റ അജണ്ടയാണ് ഇരുമുന്നണികള്‍ക്കും ഇപ്പോഴുള്ളത്.
ശിവഗിരി മഠത്തിലെ വിവാദ സ്വാമിയായിരുന്നു ശാശ്വതീകാനന്ദ. ശ്രീനാരായണ ഗുരുദേവന്റെ സമാധിയും സ്വാമികളുടെ ശാരദാ പ്രതിഷ്ഠയും സ്ഥിതിചെയ്യുന്ന പവിത്രമായ സ്ഥലം കലാപ കേന്ദ്രമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച സ്വാമിയാണ് ശാശ്വതീകാനന്ദ. പിഡിപി നേതാവ് അബ്ദുള്‍ നാസറിനെയും മറ്റും ശിവഗിരിയില്‍ കുടിയിരുത്തിയത് ശാശ്വതീകാനന്ദയുടെ ഒത്താശയോടെയാണ്.
സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ ഭരണസമിതിക്ക് അധികാരം കൈമാറാന്‍ കൂട്ടാക്കാതെ പാവനമായ സ്ഥലം കയ്യാങ്കളിയുടെ വേദിയാക്കിയ സംഭവം ശ്രീനാരായണീയര്ക്കാകെ അപമാനമായിരുന്നു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണത്തിലാണ് നീങ്ങിയത്. ഹിന്ദു ഐക്യത്തിനായി പ്രവര്‍ത്തിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ ലക്ഷ്യത്തില്‍നിന്നും പിറകോട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയതോടെയാണ് ഇപ്പോള്‍ അടഞ്ഞ പ്രശ്നം കുത്തിപ്പൊക്കാന്‍ കാരണം.
ശിവഗിരിയിലെ തര്‍ക്ക സമയത്ത് ശാശ്വതീകാനന്ദയും വെള്ളാപ്പള്ളിയും ഒരുമിച്ചായിരുന്നു. മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളൂ. മടിയില്‍ കനമില്ലാത്തത് തന്നെയാകാം അന്വേഷണത്തെ സ്വാഗതം ചെയ്യാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: