കൊച്ചി: സോളാര്‍ അഴിമതി അന്വേഷിക്കുന്ന കമ്മീഷന് മുമ്പാകെ മൊഴിനല്‍കാന്‍ രണ്ടാം തവണയും ഹാജരാകാതിരുന്ന പി.എ. മാധവന് എംഎല്‍എക്ക് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. ഹാജരാകണമെന്നാവശ്യപ്പെട്ട് അയച്ച സമന്‍സ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ കമ്മീഷന് മുമ്പാകെ പെറ്റീഷന് സമര്‍പ്പിച്ചു. മൊഴി നല്കാന് ഈ മാസം ഏഴിന് ഹാജരാകണമെന്നായിരുന്നു നേരത്തെ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നത്.
എന്നാല്‍ എംഎല്‍എയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇത് 12ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്നലെയും ഹാജാരാകാതെ അഭിഭാഷകനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന് മാധവനെ വിമര്‍ശിച്ചത്. എംഎല്‍എയുടെ തിരക്ക് അറിയാവുന്നതിനാല്‍ അദ്ദേഹത്തിനു മാത്രമായിട്ടാണ് സിറ്റിംഗ് വെച്ചിരുന്നതെന്ന് കമ്മീഷന് ജസ്റ്റിസ് ശിവരാജന് പറഞ്ഞു. എന്നിട്ടും ഹാജരാകാതിരുന്നത് ശരിയായ നടപടിയല്ലെന്നും വിവരം അഡ്വക്കറ്റ് ജനറലിനെ ധരിപ്പിക്കണമെന്നും ജസ്റ്റിസ് ശിവരാജന് ഗവണ്മെന്റ് പ്ലീഡറോട് ആവശ്യപ്പെട്ടു.
സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്കിയവരില് ചിലര്‍ മാധവനെതിരെ ആരോപണം ഉന്നയിച്ചിരുന്നു ഇതേ തുടര്‍ന്നാണ് കമ്മീഷന് സമന്‍സ് അയച്ചത്. ഈ സമന്‍സ് പുനപരിശോധിക്കണമെന്ന് പെറ്റീഷനിലൂടെ മാധവന് കമ്മീഷനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ മാസം 14ന് പെറ്റീഷന് പരിഗണിക്കാന്‍ കമ്മീഷന് നിശ്ചയിച്ചു. ഇതിനിടയില്‍ കമ്മീഷന്റെ കാലാവധി ആറുമാസം കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. നേരത്തെ ഈ മാസം 28 വരെ കമ്മീഷന്റെ കാലാവധി നീട്ടി നല്‍കിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് 2016 ഏപ്രില്‍ 28 വരെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: