കേ്ര്രന്ദസര്ക്കാരിനോടുള്ള പ്രതിഷേധം പ്രകടമാക്കാന്‍ എന്ന പേരില്‍ ചില എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരികനായകന്മാരും കേന്ദ്രസാഹിത്യഅക്കാദമിയില്നിന്ന് കിട്ടിയ പുരസ്കാരങ്ങള്‍ മടക്കിക്കൊടുക്കുന്നതായും പദവികളില്‍നിന്ന് രാജിവച്ച് ഇറങ്ങിപ്പോരുന്നതായും പ്രസ്താവിച്ചുകാണുന്നു. പ്രതിഷേധം കേന്ദ്രസര്ക്കാരിനോടാണെങ്കില് അത് കേന്ദ്രസാഹിത്യഅക്കാദമിയോടല്ലല്ലോ വേണ്ടത്?കേന്ദ്രത്തില്‍ പുതിയൊരു ഭരണം വന്നിട്ട് കഷ്ടിച്ച് ഒരുവര്‍ഷം കഴിയുന്നതേയുള്ളൂ. കഴിഞ്ഞ 60 വര്‍ഷത്തിലധികം കാലം ഭരണംനടത്തിയവര്ക്ക് പരിഹരിക്കാന്‍ കഴിയാത്ത എത്രയോ സാമൂഹ്യപ്രശ്നങ്ങള്‍ ഇപ്പൊഴും നിലനില്ക്കുന്നു.
പല സംസ്ഥാനങ്ങളിലും നിലവിലുള്ള സാമൂഹ്യാന്തരീക്ഷം പലതാണ്. സംസ്കാരസങ്കല്പങ്ങളും പലതാണ്. എവിടെയെങ്കിലും നടക്കുന്ന ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ഭാരതസംസ്കാരം മുഴുവന്‍ തകര്‍ന്നേ എന്ന് നിലവിളിക്കുന്നവര്‍ക്ക് ഇരട്ടമുഖമാണ്. സ്വന്തം സംസ്ഥാനത്ത് നടക്കുന്ന അതിലും ക്രൂരമായ മനുഷ്യക്കുരുതികളോ സാംസ്കാരികാക്രമണങ്ങളോ വര്ഗ്ഗീയാസ്വാസ്ഥ്യങ്ങളോ ഒന്നും ഇവരുടെ ശ്രദ്ധയില്പെടാത്തതെന്ത്? സമ്മാനങ്ങള്‍ അപ്പോള്‍ത്തന്നെ തിരിച്ചുകൊടുക്കാത്തതെന്ത്? പദവികള്‍ രാജിവയ്ക്കാത്തതെന്ത്?കാലാവധി കഴിയുന്നമുറയ്ക്ക് ആരായാലും പദവികള്‍ ഒഴിയുകതന്നെ വേണം. എങ്കിലും ചിലര്‍ മുന്‍കൂര്‍ രാജിവച്ച് ശ്രദ്ധപിടിച്ചുപറ്റാന്‍ നോക്കും. അതും പ്രബുദ്ധരായ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
മരണത്തിന് തൊട്ടുമുമ്പുള്ള ആത്മഹത്യ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടുമല്ലോ.
പുരസ്കാരങ്ങളെ നിസ്സാരമായി കാണുന്നവര്‍ ആദ്യമേ അതു നിരസിച്ച് തന്റേടം തെളിയിക്കുകയാണ് വേണ്ടത്. ഒരു വ്യാഴവട്ടത്തിന് മുമ്പ് അഭിമാനപൂര്‍വം സ്വീകരിച്ച പുരസ്കാരം ഇപ്പോള്‍ മടക്കുന്നത് സ്വന്തം അച്ഛനമ്മമാരെ വേണ്ടാതാകുമ്പോള്‍ വൃദ്ധസദനത്തിലാക്കുന്നതുപോലെയേ ഉള്ളൂ. അതിലും മികച്ചതു കിട്ടും എന്ന വാഗ്ദാനത്തില്‍ മയങ്ങി, പുതിയതിനെക്കണ്ട് പഴയതിനെ ഉപേക്ഷിക്കുന്നവരുടെ ഉള്ളില്‍ ആദര്‍ശമല്ല, സ്വാര്‍ത്ഥമാണ്. തനിയ്ക്കും കിട്ടിയിട്ടുണ്ട് ഇങ്ങനെയൊരു പുരസ്കാരം എന്ന ഓര്‍മ്മപ്പെടുത്തല്‍ സുഖകരം തന്നെ!
എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പ്രതിഷേധിക്കേണ്ടത് അവിടെച്ചെന്നിട്ടല്ലേ? യു.പി.യില്‍ പെയ്യുന്ന മഴയ്ക്ക് തൃശ്ശൂരിലോ ഇരിങ്ങാലക്കുടയിലോ കുടപിടിച്ചിട്ട് എന്തുകാര്യം? പ്രതിഷേധം ആത്മാര്‍ത്ഥമാവണം. അത് ഏകപക്ഷീയമോ അവസരവാദപരമോ ആകരുത്. സാംസ്കാരികനായകന്മാരുടെ വേഷം അണിയുന്നവര്‍ക്ക് ഇരട്ടമുഖം അരുത്. ഇവിടെ എല്ലാപേര്‍ക്കും എല്ലാ നേരത്തും ഒരുപോലെ ബുദ്ധിഭ്രമം സംഭവിച്ചുകൊള്ളും എന്ന രാഷ്ട്രീയസമവാക്യങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് ജനം മനസ്സിലാക്കിയിട്ട് നാളുകള്‍ ഏറെയായല്ലോ. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: