മുട്ടം പോളി ടെക്നിക്കിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്
തൊടുപുഴ : മുട്ടം പോളി ടെക്നിക്കിലെ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം രാഷ്ട്രീയവല്‍ക്കരിച്ചാണ് എസ്എഫ്ഐ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസം കോളേജിലെ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പിടിച്ചുമാറ്റാന്‍ എത്തിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നന്ദുവിനെ പിതാവിന് മുന്നില്‍വച്ച് ഇന്നലെ വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ തൊമ്മന്‍കുത്ത് സ്വദേശി നന്ദു കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നന്ദുവിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. നിരവധി എബിവിപി പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. കോളേജിനുള്ളിലെ പ്രശ്നം മുതലെടുക്കാനായി മുട്ടം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളേയും ഒപ്പം കൂട്ടി എസ്എഫ്ഐക്കാര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ചള്ളാവയല്‍ സ്വദേശി ആല്ബിന്, മുട്ടം പോളിടെക്നിക്കിലെ വൈശാഖ്, സലീം, അജിന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മുപ്പതോളം വരുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. തിങ്കളാഴ്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ തുടങ്ങാനിരിക്കെയാണ് ആക്രമണം. സംഭവത്തില്‍ കാഞ്ഞാര്‍ പോലീസ് കേസെടുത്തു. ബീഫ് ഫെസ്റ്റിവെല്‍ നടത്തി കോളേജില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: