കോഴിക്കോട്: ട്രാവല്‍സ് ഉടമകള്‍ സ്റ്റേജ് കരിയറായി സര്‍വീസ് നടത്തുന്നതിനെതിരെ നടപടിയെടുക്കണമെന്ന് മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍സംഘം(ബിഎംഎസ്) സിറ്റി മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
വന്‍കിട ട്രാവല്‍സ് ഉടമകള്‍ ടൂറിസ്റ്റ് ബസ്സുകള്‍ വാടകക്കെടുത്ത് ടിക്കറ്റ് വെച്ച്‌സര്‍വീസ് നടത്തുന്നത് തീര്‍ത്ഥാടക കാലഘട്ടങ്ങളിലും വിനോദ സഞ്ചാര സീസണുകളിലും ഇത് വ്യാപകമാവുകയാണ്. ഓരോ യാത്രക്കാരനും പ്രത്യേകം ടിക്കറ്റ് വെച്ചാണ് സര്‍വീസ് നടത്തുന്നത്.
ശബരിമല, കൊട്ടിയൂര്‍, നാലമ്പലയാത്ര തുടങ്ങിയ തീര്‍ത്ഥാടന വേളകളില്‍ ഓരോ യാത്രക്കാരനും നല്‍കേണ്ട ടിക്കറ്റ് ചാര്‍ജ്ജ് നിശ്ചയിച്ച് പരസ്യബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയാണിവര്‍. ഇത് നിയമവിരുദ്ധമാണ്. വ്യാജ ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്. ഇത് മൂലം സാധാരണക്കാരായ ടാക്‌സി, ട്രാവലര്‍ തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും നഷ്ടപ്പെടുകയാണ്. നിയമാനുസൃതമായി വന്‍തുക നികുതിയും, ഇന്‍ഷൂറന്‍സും അടയ്‌ക്കുന്ന സ്വയംതൊഴിലിലേര്‍പ്പെട്ട തൊഴിലാളികള്‍ വഞ്ചനയ്‌ക്കും, കടുത്ത ചൂഷണത്തിനും ഇരയാവുകയാണെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.
ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും പോലീസും തയ്യാറാകണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, കോഴിക്കോട് ജില്ലാമോട്ടോര്‍ ജനറല്‍ സെക്രട്ടറി കെ.കെ. പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















