സൂറിച്ച്: അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) അധ്യക്ഷന്‍ സെപ്പ് ബ്ലാറ്ററെയും യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റിനിയെയും ഫിഫ സദാചാര സമിതി സസ്‌പെന്‍ഡ് ചെയ്തു. 90 ദിവസത്തേക്കാണ് നടപടി. ഈ കാലയളവില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു പരിപാടികളിലും ഇടപെടാന്‍ ഇവര്‍ക്ക് അധികാരമില്ലെന്നും എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കി. നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ഇരുവരും പ്രതികരിച്ചു. സംപ്രേഷണ കരാര്‍ ഒപ്പുവച്ചതിലെ ക്രമക്കേടിനും, മിഷേല്‍ പ്ലാറ്റിനിക്ക് പണം നല്‍കിയതിനുമാണ് നടപടി.
തന്റെ അടുപ്പക്കാരനായ കരീബിയന്‍ യൂണിയന്‍ പ്രസിഡന്റ് ജാക്ക് വാര്‍ണര്‍ക്ക് തുച്ഛമായ തുകയ്‌ക്ക് ലോകകപ്പ് സംപ്രേഷണാവകാശം തരപ്പെടുത്തിക്കൊടുത്തുവെന്നാണ് ആദ്യത്തെ ആരോപണം. നാലു കോടി രൂപയ്‌ക്ക് കിട്ടിയ സംപ്രേഷണാവകാശം വാര്‍ണര്‍ 132 കോടി രൂപയ്‌ക്ക് മറിച്ചുവിറ്റതായി തെളിഞ്ഞിരുന്നു. ഫിഫയിലെ പ്രവര്‍ത്തനത്തിനാണ് പ്ലാറ്റിനിക്ക് 2.07 മില്യണ്‍ ഡോളര്‍ നല്‍കിയതെന്നാണ് ബ്ലാറ്ററുടെ വാദം. എന്നാല്‍, കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പണം നല്‍കിയത് യുവേഫയുടെ വോട്ട് ഉറപ്പിക്കാനെന്ന് എതിരാളികള്‍ ആരോപിക്കുന്നു.
അന്വേഷണത്തില്‍ ഇരുവര്‍ക്കുമെതിരെ തെളിവ് ലഭിച്ചുവെന്ന് എത്തിക്‌സ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങളില്‍ സ്വിസ് അറ്റോര്‍ണി ജനറല്‍ ബ്ലാറ്റര്‍ക്കെതിരെ ക്രിമിനല്‍ നടപടിയും തുടങ്ങിയിരുന്നു. ഇതുകൂടി സദാചാര സമിതി കണക്കിലെടുത്തു.
അതേസമയം, വൈസ് പ്രസിഡന്റ് ചുങ് മോങ് ജൂണിനെ ആറു വര്‍ഷത്തേക്കും സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെയെ രണ്ടു മാസത്തേക്കും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 1988 മുതല്‍ ഫിഫ അധ്യക്ഷനാണ് ബ്ലാറ്റര്‍. ഫിഫയില്‍ ബ്ലാറ്ററുടെ പിന്‍ഗാമിയാകാനിരിക്കെയാണ് പ്ലാറ്റിനിക്കെതിരെ നടപടി.
















