തിരുവല്ല: അടിസ്ഥാന യോഗ്യതയുള്ള അദ്ധ്യാപകരുടെ ദൗര്‍ലഭ്യം സര്‍ക്കാര്‍ സ്കൂളിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ പരാതി. കുന്നന്താനം സെന്റ്മേരീസ് ഗവ: ഹൈസ്കൂള്‍ പിടിഎ പ്രസിഡ ന്റ് എസ്.വി. സുബിനാണ് വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ പരാതി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി 8, 9, 10 ക്ലാസ്സുകളില്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാന്‍ യോഗ്യരായ അദ്ധ്യാപകര്‍ സ്കൂളില്‍ ഇല്ലെന്നും, കേവലം പത്താംക്ലാസ്സ് വരെ ജീവശാസ്ത്രം പഠിച്ച അദ്ധ്യാപകനാണ് നിലവില്‍ ജീവശാസ്ത്രത്തിന് ക്ലാസെടുക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഇക്കാരണത്താല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണംവും ഡിവിഷനുകളുടെ എണ്ണവും കുറയുകയാ ണ്.
ബിരുദവും, നാച്ചുറല്‍സ് സയന്‍സ് ബിഎഡ് ബിരുദവും ഉള്ളവരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് ഡിവിഷന് ഉണ്ടെങ്കില്‍ മാത്രമേ സബ്ജക്ട് എക്സ്പര്‍ട്ടിനെ നിയമിക്കാനാകു എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ മറുപടിയെന്നും പറയുന്നു. തിരുവല്ല വിദ്യാഭ്യസ ജില്ലയില്‍ അടിസ്ഥാന യോഗ്യതയില്ലാത്ത അദ്ധ്യാപകരാണ് കൂടുതലും പഠിപ്പിക്കുന്നതെന്ന ആക്ഷേപവും പരാതിയിലുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിലയിലുള്ള സമീപനം വിദ്യാര്‍ത്ഥികളോട് കാട്ടുന്ന ക്രൂരതയാണെന്നും, ദേശീയ വിദ്യാഭ്യാസാവകാശ നിയമപ്രകാരം അതാത് വിഷയത്തില്‍ വിദഗ്ദരായ അദ്ധ്യാപകരെ നിയമിക്കണമെന്ന നയത്തിന് വിരുദ്ധവുമാണെന്നാണ് പരാതി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുകയെന്നത് വിദ്യാഭ്യാസാവകാശ നിയമപ്രകാരം വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. അയോഗ്യരായ അദ്ധ്യാപകര്‍ പഠിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ അറിവിനും, തുടര്‍ വിദ്യാഭ്യാസത്തിനും തടസ്സമാകും. തികച്ചും ദരിദ്രരായ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ ഈ നില തുടര്‍ന്നാല്‍ കുട്ടികളുടെ ഭാവി അപകടത്തിലാകമെന്ന കാര്യത്തില്‍ സംശയമില്ല. ഡിവിഷനുകളുടെ കുറവ് പരിഹരിക്കുന്നതിന് രണ്ട് സ്കൂളുകള്‍ക്കായി ഒരു അദ്ധ്യാപകനെ നിയമിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്കൂളുകളുടെ നിലനില്‍പ്പും, കുട്ടികളുടെ ഭാവിയും പരിഗണിച്ച് മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് പരാതിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: