പിടിയിലായത് ഗൂഡല്ലൂര്‍ മുത്തയ്യതെരുവ് സ്വദേശി ദേവേന്ദ്രന്. ഗൂഡല്ലൂരിലെ പ്രധാന കഞ്ചാവ് മൊത്തകച്ചവടക്കാരനാണ് ഇയാള്‍.
വണ്ടിപ്പെരിയാര്‍: കഞ്ചാവ് മൊത്തവിതരണകാരന് ഗൂഡല്ലൂരില്‍ നിന്ന് പിടിയില്‍. ഗൂഡല്ലൂര്‍ മുത്തയ്യതെരുവ് സ്വദേശി ദേവേന്ദ്രന്(48) ആണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ സുനില്‍രാജിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ വര്‍ഷം ആദ്യം പിടികൂടിയ 2 കി.ഗ്രാം കഞ്ചാവ് കടത്ത് കേസില്‍ കഞ്ചാവ് നല്കിയ ആളാണ് പ്രതി. ഈ കേസിലെ മൂന്ന് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി കുടുങ്ങിയത്. ഗൂഡല്ലൂരിലെ ദേവേന്ദ്രന്റെ വീട്ടിലെത്തിയാണ് എക്സൈസ് സംഘം പ്രതിയെ ഇന്നലെ ഉച്ചയോടെ പിടികൂടിയത്. ഇയാള്‍ പിടിയിലായതോടെ നിരവധി കേസുകള്‍ക്ക് തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്. ഗൂഡല്ലൂരിലെ പ്രധാന കഞ്ചാവ് മൊത്തകച്ചവടക്കാരനാണ് ഇയാള്‍. പ്രതിയുടെ ഭാര്യയുള്‍പ്പെടെ നിരവധി കഞ്ചാവ് വിതരണ കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇയാള്‍ പിടിയിലായതോടെ കഞ്ചാവിന്റെ വരവ് ഒരുപരിധി വരെ നിലയ്ക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: