എം.പി.ഗോപാലകൃഷ്ണന്
തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ നിര്‍ണ്ണായക ശക്തിയാവാന്‍ അടുക്കും ചിട്ടയോടും കൂടിയ പ്രവര്‍ത്തനങ്ങളുമായി ബിജെപി. ചരിത്രപ്രാധാന്യമേറെയുള്ള മുനിസിപ്പാലിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഭരണമാണ് കഴിഞ്ഞ 5 വര്‍ഷക്കാലം എല്‍ഡിഎഫ് കാഴ്ചവെച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തവര്‍ ഇവരുടെ കാലാവധി അവസാനിച്ചുകിട്ടുവാന്‍ പ്രാര്‍ത്ഥിക്കുന്ന അവസ്ഥയാണ് നാളിതുവരെ ഉണ്ടായിരുന്നത്. തലശ്ശേരി മുനിസിപ്പാലിറ്റി തങ്ങളുടെ തട്ടകമാണെന്നും ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയാക്കിയാലും ജയിച്ചുവരുമെന്നുമുള്ള സിപിഎമ്മിന്റെ അഹങ്കാരമാണ് മുനിസിപ്പാലിറ്റിയെ ദുരിതപൂര്ണ്ണമാക്കുവാന് അവര്‍ക്ക് ധൈര്യം നല്‍കിയത്. വനിതാ സംവരണ മുനിസിപ്പാലിറ്റിയായിരുന്ന തലശ്ശേരിയില്‍, ചെയര്‍പേഴ്സണായി മുസ്ലീം വനിതയെയാണ് പരിഗണിക്കുക എന്ന പ്രചാരണമാണ് കഴിഞ്ഞ തവണ മുസ്ലീം വോട്ടുകള്‍ വ്യാപകമായി എല്‍ഡിഫിന് ലഭിക്കാന്‍ കാരണമായത്. എന്നാല്‍ ചെയര്‍പേഴ്സണ്‍ പദവി ആമിനാ മാളിയേക്കല്‍ എന്ന വനിതയ്ക്ക് നല്‍കിയെങ്കിലും അവരെ മുന്സീറ്റിലിരുത്തിക്കൊണ്ട് വൈസ് ചെയര്‍മാനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമാണ് ഭരണം കൈയ്യാളിയത്. ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ഒരധികാരവും ഉപയോഗിക്കാന്‍ ആമിനാ മാളിയേക്കലിനെ അനുവദിച്ചിരുന്നില്ല എന്നതാണ് വസ്തുത. അവരുടെ വീട്ടിലേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്തുകൊടുത്തു എന്നതൊഴിച്ചാല്‍ ചെയര്പേഴ്സണന് വലിയ ഗുണമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷക്കാലം കൊണ്ട് ഇവിടെ എത്തിച്ചേര്‍ന്ന രാജ്യസംഭാംഗത്തിന്റെ ഉള്‍പ്പെടെ എംപിമാരുടെയും എംഎല്‍എമാരുടെയും ഫണ്ടുപയോഗിച്ച് കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം വഴി ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷമായ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥന്മാര്ക്കും കഴിഞ്ഞു എന്ന കാര്യം നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന് ഏറ്റവും വലിയ തെളിവാണ് പുതിയ ബസ് സ്റ്റാന്റില്‍ നിര്‍മ്മിച്ച 3 ബസ് ഷെല്‍ട്ടറുകളും ഓപ്പണ്‍ സ്റ്റേജും. തലശ്ശേരിയിലെ പ്രധാന റോഡുകളിലൊന്നായ എവികെ നായര്‍ റോഡിന്റെ ദുരവസ്ഥ മാറ്റിക്കിട്ടുന്നതിനായി ഭരണപക്ഷക്കാരായ എല്‍ഡിഎഫ് ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും നിരന്തര സമരവും ഹര്‍ത്താലും വരെ നടത്തിയത് ആരും മറന്നിട്ടില്ല.
കെട്ടിട നിര്‍മ്മാണങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നിശ്ചിത ശതമാനം കോണ്‍ട്രാക്ടറില്‍ നിന്നും പിരിച്ചെടുത്ത ഭരണക്കാര്‍ പൊതു റോഡുകളുടെ അറ്റകുറ്റപ്പണി തക്ക സമയത്ത് നടത്തുന്നതില്‍ യാതൊരു ശ്രദ്ധയും കാണിച്ചിരുന്നില്ല.
ഇങ്ങനെ നൂറുകൂട്ടം കുറ്റങ്ങള്‍ മാത്രം കൈമുതലാക്കിക്കൊണ്ടാണ് എല്‍ഡിഎഫ് ഇത്തവണ വോട്ടിനുവേണ്ടി ജനങ്ങളെ സമീപിക്കേണ്ടത്. ഭരണനേട്ടങ്ങളായി ഇവര്‍ ചൂണ്ടിക്കാട്ടുന്നതില്‍ ബഹുഭൂരിപക്ഷവും കേന്ദ്ര-സംസ്ഥാന ഫണ്ടുപയോഗിച്ച് ചെയ്ത നിര്‍മാണ പ്രവൃത്തികളാണ്. ഇതൊക്കം നാട്ടുകാര്‍ക്ക് വ്യക്തമായി അറിയാവുന്ന കാര്യവുമാണ്. അതിനാല്‍ ഇത്തവണ എല്‍ഡിഎഫിന് പഴയതുപോലെ കാര്യങ്ങള്‍ എളുപ്പമാവില്ല. മറ്റൊരു കാര്യം യുഡിഎഫ് എന്ന കൂട്ടുചങ്ങാതിമാരുടേതാണ്. കൗണ്‍സില്‍ യോഗങ്ങളില്‍ പ്രാദേശിക ചാനലുകാരുടെ ക്യാമറ കാണുമ്പോള്‍ മാത്രം വായ നിറയെ വാക്കുകള്‍ കൊണ്ടും കൈകാലിട്ടടിച്ചും നാടകം കളിക്കുന്നതൊഴിച്ചാല്‍ ഈ നാട്ടിലെ വോട്ടര്‍മാരോടും ജനങ്ങളോടുമുളള ബാധ്യത തീരുമെന്നാണ് ഇവരുടെ വിശ്വാസം. കൗണ്‍സില്‍ യോഗം കഴിയുന്നതോടെ എല്‍ഡിഎഫും യുഡിഎഫും ഒന്നാകും. എന്നാല്‍ ഇതിനൊക്കെ വിപരീതമായാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിച്ചത് എന്ന കാര്യവും നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു വാര്‍ഡുകളെ അപേക്ഷിച്ച് ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാനും തങ്ങളുടെ വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലും മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയും ജനങ്ങളോടൊപ്പം മുഴുവന്‍ കാര്യങ്ങള്‍ക്കും നിലയുറപ്പിച്ച് പ്രവര്‍ത്തിച്ച് മാതൃകാ വാര്‍ഡ് മെമ്പര്‍മാരാകാന്‍ ഇവര്‍ക്ക് കഴിഞ്ഞുവെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും സംശയമില്ല. ബിജെപി കൗണ്‍സിലര്‍മാരായ ഇ.കെ.ഗോപിനാഥ് വിജയിച്ച മഞ്ഞോടി വാര്‍ഡിനെയും ആര്.മനോജ് വിജയിച്ച മാരിയമ്മ വാര്‍ഡിനെയും ചൂണ്ടിക്കാട്ടി ഈ വാര്‍ഡുകളിലെ വികസനത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് മുനിസിപ്പാലിറ്റിയിലെ മറ്റു വാര്‍ഡുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതും മത്സരിപ്പിക്കുന്നതും. കൂടാതെ ഇപ്പോള്‍ രാജ്യത്താകമാനം ഉണ്ടായിട്ടുള്ള ജനങ്ങളുടെ ദേശീയബോധവും വികസന മോഹവും എല്ലാം ഒത്തുചേരുന്നതോടെ തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപി വന്‍ ഭീഷണിയാണെന്ന് മാത്രമല്ല, നഗരസഭയില്‍ നിര്‍ണായക ശക്തിയാകുമെന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല. അതിനായുള്ള പ്രവര്‍ത്തനമാണ് അണിയറയില്‍ ബിജെപി ആസൂത്രണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: