വി.എം പ്രവീണ്‍
കട്ടപ്പന:പുതുതായി രൂപീകരിച്ച കട്ടപ്പന നഗരസഭയില്‍ ബിജെപിയുടെ സാന്നിധ്യം ശക്തമായതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.തിരഞ്ഞെടുപ്പ്് പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ പാര്‍ട്ടി പ്രധാന വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയിരുന്നു. 34 വാര്‍ഡുകളാണ് കട്ടപ്പന നഗരസഭയിലുള്ളത്. 9സീറ്റുകളില്‍ വിജയ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തുന്നത്. പാറക്കടവ്, ആനകുത്തി, വലിയകണ്ടം, മേട്ടുക്കുഴി, വാഴവര, കൊച്ചുതോവാള,കൊച്ചുതോവാള നോര്‍ത്ത്, സുവര്‍ണ ഗിരി, ഗവണ്മെന്റ് കോളേജ് എന്നീ വാര്‍ഡുകളിലാണ് ബിജെപി മുന്നണി ശക്തമായ മത്സരത്തിനൊരുങ്ങുന്നത്. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ബിജെപിയുടെ സഖ്യകക്ഷിയായ കേരളാ കോണ്‍ഗ്രസിനും ഇത്തവണ സീറ്റു നല്കാന് ധാരണയായിട്ടുണ്ട്.സംഘത്തിന്റെയും മറ്റ് പരിവാര്‍ പ്രസ്ഥാനങ്ങളുടേയും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആധിപത്യം നേടാനുള്ള തയ്യാറെടുപ്പിലാണ്. ഹൈറേഞ്ചില്‍ ഇനിയും നിലപാട് പരസ്യമായി പ്രഖ്യാപിക്കാത്ത എസ്എന്‍ഡിപിയുടെ പരോക്ഷമായ പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. മറ്റ് സാമുദായിക സംഘടനകളുമായി ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കെപിഎംഎസ്, വിശ്വകര്‍മ്മ സഭ എന്നിവ പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ വികസനക്കുതിപ്പും കേരള രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ധ്രുവീകരണവും ബിജെപിക്ക് ഏറെ ഗുണം ചെയ്യും. ജില്ലയില്‍ നിലനില്‍ക്കുന്ന കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പോര് ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിരുത്തി സിപിഎമ്മിന്റെ സഹായത്തോടെ കേരള കോണ്‍ഗ്രസ് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. കട്ടപ്പന മേഖലയില്‍ ബിജെപി മെമ്പഷിപ്പ് പ്രവര്‍ത്തനത്തിലും ഏറെ മുന്നിലായിരുന്നു. ഈ ഘടകങ്ങളൊക്കെ ബിജെപിയുടെ വിജയപ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: