തൊടുപുഴ നഗരസഭയിലും കുമാരമംഗലം, മണക്കാട്,
അറക്കുളം, വണ്ടന്മേട്, വട്ടവട, ഇടമലക്കുടി എന്നീ പഞ്ചായത്തുകളിലും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മുന്നണി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സംഖ്യം മത്സരിക്കുമെന്ന് ബിജെപി ജില്ല പ്രസിഡന്റ് പി.എ വേലുക്കുട്ടന് പറഞ്ഞു. എക്കാലത്തെയും മെച്ചപ്പെട്ട മുന്നൊരുക്കങ്ങളാണ് ബിജെപി നടത്തിയിരിക്കുന്നത്. തൊടുപുഴ നഗരസഭയിലും കുമാരമംഗലം, മണക്കാട്, അറക്കുളം,വണ്ടന്മേട്, വട്ടവട, ഇടമലക്കുടി എന്നീ പഞ്ചായത്തുകളിലും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബിജെപിക്കൊപ്പം ഘടക കക്ഷികളായ കേരള വികാസ് പാര്‍ട്ടി, ആര്‍എസ്പി (താമരാക്ഷന്‍), കേരള കോണ്‍ഗ്രസ്(പി.സി തോമസ്), കേരള കോണ്‍ഗ്രസ (നോബിള്‍), എല്‍ജിപി എന്നീ കക്ഷികളാണ് എന്‍ഡിഎയില്‍ ഉള്ളത്. കൂടാതെ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന സ്ഥലങ്ങളില്‍ ബിജെപി പിന്തുണ നല്‍കും. തൊടുപുഴ, കട്ടപ്പന നഗരസഭകളില്‍ എസ്എന്‍ഡിപി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. ഇന്നലെ തൊടുപുഴയില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ സീറ്റുകള്‍ വീതം വയ്ക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനെടുത്തു. ശക്തമായ മുന്നേറ്റം നടത്തേണ്ട പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ വീട് കയറി വോട്ട് അഭ്യര്‍ത്ഥിച്ച് തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് രണ്ട് ദിവസത്തിനകം ഔദ്ദ്യോഗികമായി പ്രഖാപിക്കുമെന്ന് വേലുക്കുട്ടന് അറിയിച്ചു.ജില്ലയില്‍ 8.45 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുക. 4,25,177 സ്ത്രീകളും 4,19,821 പുരുഷന്മാരും, രണ്ട് ഭിന്ന ലിംഗക്കാരും ഇതില്‍ ഉള്‍പ്പെടും. 52 ഗ്രാമപഞ്ചായത്തുകളിലായി ആകെ 792 വാര്‍ഡാണുള്ളത്. 1384 പോളിംഗ് സ്റ്റേഷനും. ഇതില്‍ 414 വാര്‍ഡുകള്‍ സ്ത്രീ സംവരണമാണ്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നീ എട്ട് ബ്ളോക് പഞ്ചായത്താണ് ജില്ലയിലുള്ളത്. ജില്ലാ പഞ്ചായ ത്തില്‍ 16 വാര്‍ഡാണുള്ളത്. ഇപ്രാവശ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതക്കാണ്.
തൊടുപുഴ, പുതുതായി രൂപവത്കരിച്ച കട്ടപ്പന എന്നിവയാണ് ജില്ലയിലെ രണ്ട് നഗരസഭകള്‍. തൊടുപുഴ നഗരസഭയില്‍ 35ഉം കട്ടപ്പന നഗരസഭയില്‍ 34ഉം വാര്‍ഡുകളാണുള്ളത്. 8200 വോട്ടുയന്ത്രങ്ങള്‍ കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പിനു സജ്ജമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: