കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ നവജോത് ഖോസ, അസി. കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന് എന്നിവര്‍ സംസാരിച്ചു. പത്രികാ സമര്‍പ്പണം മുതലുള്ള കാര്യങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പരിശീലനത്തില്‍ വിശദീകരിച്ചു. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി മൂന്നു നാമനിര്‍ദ്ദേശ പത്രികകള്‍ വരെ സമര്‍പ്പിക്കാവുന്നതാണ്. സുക്ഷ്മ പരിശോധനാ സമയത്ത് ഇവ മൂന്നും പരിശോധനയ്ക്ക് വിധേയമാക്കണം. സ്ഥാനാര്‍ത്ഥി, നാമനിര്ദ്ദേശകന്, തെരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ത്ഥി നിര്ദ്ദേശിക്കുന്നമറ്റൊരു വ്യക്തി എന്നിവര്‍ക്ക് സൂക്ഷ്മ പരിശോധനാവേളയില്‍ ഹാജരാകാം. ഒരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ അത് അനുവദിക്കേണ്ടതാണ്. നാമനിര്‍ദ്ദേശ പത്രികയില്‍ വയസ്സ് ചേര്‍ക്കാതിരിക്കല്‍, ഒപ്പ് രേഖപ്പെടുത്താതിരിക്കല്‍ എന്നിവ കണ്ടാല്‍ പത്രിക നിരസിക്കാവുന്നതാണ്. സൂക്ഷ്മ പരിശോധനയില്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ കാരണം വ്യക്തമാക്കി സ്ഥാനാര്‍ത്ഥിക്ക് റിപ്പോര്‍ട്ട് നല്‍കണം. ആരോപണവിധേയരായ സ്ഥാനാര്‍ത്ഥികള്‍ക്ക് തന്റെ ഭാഗം തെളിയിക്കാന്‍ സൂക്ഷ്മപരിശോധന കഴിഞ്ഞ് രണ്ട് ദിവസം വരെ സമയം അനുവദിക്കും. 17 ന് മുമ്പ് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം. ഒരിക്കല്‍ പിന്‍വലിച്ച പത്രിക വീണ്ടും സ്വീകരിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച ചിഹ്നങ്ങള്‍ അതത് രാഷ്ട്രീയ കക്ഷികള്‍ക്ക് സ്വീകരിക്കാം. മറ്റുള്ളവര്‍ക്ക് സ്വീകരിക്കാവുന്ന ചിഹ്നങ്ങള്‍ റിട്ടേണിങ് ഓഫീസറുടെ ഓഫീസിനുമുന്നില്‍ പ്രദര്‍ശിപ്പിക്കും. ജില്ലയില്‍ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: