ചെറുതോണി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ എല്‍ഐസി ഫണ്ട്, വര്‍ക്കേഴ്സ് സൊസൈറ്റികളിലേയ്ക്കടയ്ക്കേണ്ട തുക എന്നിവ തട്ടിയെടുത്തതായി ആക്ഷേപം. ലക്ഷക്കണക്കിന് രൂപയാണ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇടുക്കി എസ് പിയ്ക്ക് പരാതി നല്കി. കഴിഞ്ഞ 2 വര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും എല്‍ഐസി യിലേയ്ക്കും, സൊസൈറ്റിയിലേയ്ക്കും ലോണ്‍ ഇനത്തില്‍ അടയ്ക്കുവാനുള്ള തുകയാണ് അടിച്ചുമാറ്റിയത്. നൂറോളം ജീവനക്കാരുടെ അക്കൗണ്ടില്‍ നിന്നും പ്രതിമാസം ഈ തുക മേലുദ്യോഗസ്ഥര്‍ വസൂലാക്കിയിരുന്നു. ഈ കാര്യങ്ങള്‍ രേഖപ്പെടുത്തി സാലറി സ്ലിംപ്പും മുറപോലെ ജീവനക്കാര്‍ക്ക് ലഭിച്ചെങ്കിലും ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുകയൊന്നും എല്‍ ഐ സിയിലേയ്ക്കോ, തിരുവനന്തപുരത്തുള്ള സൊസൈറ്റിയിലേയ്ക്കോ ബന്ധപ്പെട്ടവര്‍ അടച്ചിരുന്നില്ല. സൊസൈറ്റിയില്‍ തുക കുടിശ്ശികയായതോടെ ജാമ്യക്കാരുടെ വീടുകളിലേയ്ക്ക് റിക്കവറി സംഘം എത്തുമ്പോഴാണ് ജീവനക്കാര്‍ മേലുദ്യോഗസ്ഥരുടെ തട്ടിപ്പുകള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് ഇവര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: