തൊടുപുഴ: ഇന്ത്യയിലെ 60 ശതമാനത്തിലധികം പേര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കേണ്ടിവരുന്നുവെന്ന് ഋഷിരാജ് സിംഗ് എഡിജിപി അഭിപ്രായപ്പെട്ടു. 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതാനുഭവംവെച്ച് ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള ഒരു സംസ്ഥാനം കേരളമാണെന്നും 100 ശതമാനം സാക്ഷരതയിലൂടെ മാത്രമേ അഴിമതി തുടച്ചുനീക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഇക്കണോമിക്സ്- പൊളിറ്റിക്സ് വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്ന ദ്വിദിന യുജിസി സ്പോണ്‍സേര്‍ഡ് നാഷണല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കോതമംഗലം രൂപതയുടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ജോര്‍ജ്ജ് താനത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, വകുപ്പുമേധാവി ഡോ. സെലിന്കുട്ടി മാത്യു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഡോ. തന്‍വീര്‍ ഐജാസ് ഭരണരംഗത്തെ അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന് മാര്‍ഗ്ഗങ്ങളുണ്ടോ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സെമിനാറില്‍ ഇന്ത്യയിലെ വിവിധ കോളേജുകളില്‍നിന്നും യൂണിവേഴ്സിറ്റികളില്‍നിന്നും ഗവേഷക സ്ഥാപനങ്ങളില്‍നിന്നുമുള്ള 20 ല്‍ പരം ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇന്നു രാവിലെ 10 മണിക്ക് കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശ്രീമതി സാറാ ജോസഫ് ഇന്ത്യയിലെ അഴിമതിവിരുദ്ധ മുന്നേറ്റങ്ങളെപ്പറ്റി ചര്‍ച്ച നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: