വണ്ടിപ്പെരിയാര്‍: ലൈസന്‍സ് ഇല്ലാത്ത നിറതോക്കുമായി വന്യമ്യഗത്തെ വേട്ടയാടി പിടിക്കുന്ന സംഘത്തില്‍പ്പെട്ട മൂന്നു പേര് പിടിയില്‍. വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ എസ്റ്റേറ്റ് ലയത്തില്‍ താമസം മുരുകന്(34), മാരിദുരൈ(35), ചെങ്കര താഴെത്തു വീട്ടില്‍ വര്‍ഗീസ് ചാക്കോ(42),എന്നിവരെയാണ് വള്ളക്കടവ് റേഞ്ച് ഓഫീസര്‍ എം. അജീഷും സംഘവും പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 1 മണിയോടു കൂടിയാണ് സംഭവം. വാളാടി എസ്റ്റേറ്റിലെ മൂങ്കലാറിനു സമീപത്തു വെച്ചാണ് ഇവരെ പിടികൂടിയത്. റേഞ്ച് ഓഫീസറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മുരുകന്റെ കയ്യിലായിരുന്നു തോക്ക് വനംവകുപ്പ് വാഹനം കണ്ടയുടന്‍ കൈയ്യില്‍ കരുതിയിരുന്ന നിറതോക്ക് കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വനപാലകര്‍ ഓടിച്ചിട്ട് പിടികൂടി. നാടന്‍ തോക്ക് വര്‍ഗീസ് ചാക്കോയുടെതാണ് ഇയാള്‍ക്ക് കോതമംഗലം ആനവേട്ട കേസിലെ ചെട്ടിയാര്‍ എന്നു വിളിപ്പേരുള്ള ബാബു ജോസഫുമായും അടുത്ത ബന്ധമുണ്ട്. കഴിഞ്ഞമാസം കുമളിയില്‍ വെച്ച് അന്തര്‍സംസ്ഥാന ആനവേട്ട സംഘത്തില്‍പ്പെട്ട നാലു പേരെ ആനക്കൊമ്പുമായി വനപാലകര്‍ പിടികൂടിയിരുന്നു ഈ കേസുമായി ബന്ധമുണ്ടോ എന്നതും അന്വേഷിച്ചു വരികയാണ്. കുമളി റേഞ്ചില്‍പ്പെട്ട വനത്തില്‍ നിന്നും മുയല്, മുള്ളന്‍പന്നി, മ്ലാവ് തുടങ്ങിയ വന്യമ്യഗങ്ങളെ വേട്ടയാടിയ കേസില്‍ മുരുകന്, വര്‍ഗീസ് ചാക്കോ എന്നിവര്‍ക്കെതിരെ നേരെത്തെയും കേസ് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: