ചെറുവത്തൂര്‍: വിജയബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ കവര്‍ച്ച നടന്ന ദിവസം ജില്ല പോലിസ് മേധാവി ഡോ ശ്രീനിവാസന് മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയില്‍ ഒരാള്‍ ഇടക്ക് കയറി ചോദിച്ചത് ഇപ്രകാരമായിരുന്നു. സാര്‍, ഞങ്ങളുടെ സ്വര്‍ണ്ണം തിരിച്ചുകിട്ടുമോ? പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോലുള്ള എന്തെങ്കിലും സുരക്ഷ സംവിധാനമുണ്ടോ? എന്നാല്‍ അദ്ദേഹത്തിന് ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ പറ്റിയിരുന്നില്ല. അതുപോലെ സംഭവ ദിവസം ബാങ്കിലെത്തിയ ചില ഇടപാടുകാര്‍ ബാങ്ക് മാനേജരോടും ഇതാവര്ത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിനും ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍ കവര്‍ച്ച മുതല്‍ മുന്നില്‍ വെച്ച് പത്ര സമ്മേളനം നടത്തിയ പോലിസ് ഉദ്യോഗസ്ഥന്മാരുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരുന്നത് കണ്ടപ്പോഴാണ് സ്ത്രീകളടക്കമുള്ള നൂറുക്കണക്കിന് ഇടപാടുകാര്‍ക്ക് ശ്വാസം നേരെ വീണത്.
സ്വര്‍ണ്ണം ബാങ്കിലാണല്ലോ ഉള്ളത് എന്ന ചിന്ത പലര്‍ക്കും സുരക്ഷിതത്വ ബോധം ഉണ്ടാക്കിയിരുന്നു. എന്നാല്‍ അടിക്കടിയുണ്ടാകുന്ന ബാങ്ക് കവര്‍ച്ച, ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷ വീഴ്ചകള്‍ ഇടപാടുകരുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സംഭവങ്ങളാണ്. കവര്‍ച്ചക്കാരെയും കവര്‍ച്ച മുതലും കണ്ടെത്തിയതില്‍ ഇടപാടുകാര്‍ക്ക് മാത്രമല്ല ബാങ്ക് ജീവനക്കാര്‍ക്കും ആശ്വാസകരമാവുകയാണ്.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാര്‍ക്ക് നേരെയും വിരല്‍ ചൂണ്ടുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ബാങ്കിലെ ഒരു സെയിഫ് കവര്‍ച്ചക്കാര്‍ താക്കോല്‍ ഉപയോഗിച്ചാണ് തുറന്നതെന്ന് പോലിസ് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ജീവനക്കാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലുമായിരുന്നു. എന്നാല്‍ പോലീസിന്റെ മിടുക്ക് കാരണം ജീവനക്കാര്‍ക്ക് പുതുജീവന്‍ ലഭിച്ച സന്തോഷത്തിലാണ്. എങ്കിലും സ്ട്രോങ്ങ് റൂം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ കൃത്യമായ ഉത്തരം പറഞ്ഞെ മതിയാകൂ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന് അടുത്ത ദിവസം ചെറുവത്തൂരില്‍ എത്തുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: