ഇരിട്ടി: ഉദ്ഘാടനത്തിന് മുന്‍പേ പൈപ്പ് പൊട്ടി. അഴിമതി ആരോപിച്ചു നാട്ടുകാര്‍ രംഗത്ത് വന്നതും ജലവിതരണം സാദ്ധ്യമാകാത്തതും കാരണം നിശ്ചയിച്ച ഉദ്ഘാടനം മാറ്റിവെച്ചു. 15ലക്ഷം രൂപ മുടക്കി മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ അങ്ങാടിച്ചാല്‍ എസ്ടി കോളനിയില്‍ പഞ്ചായത്ത് പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനമാണ് പൈപ്പ് പൊട്ടുകയും കോളനിയിലേക്ക് വെള്ളം എത്താഞ്ഞതിനെയും തുടര്‍ന്ന് നിര്‍ത്തിവെച്ചത്. നോട്ടീസ് അടക്കം അടിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു പഞ്ചായത്ത് ഭരണസമിതി തിരക്കിട്ട് നടത്തിയ ഉദ്ഘാടനശ്രമമാണ് ഇതോടെ പൊളിഞ്ഞത്.
ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തില്‍ രാവിലെ 11മണിക്ക് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നയെയായിരുന്നു ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രവര്‍ത്തി തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ഇഴഞ്ഞ് നീങ്ങുകയായിരുന്നു. പതിനഞ്ചു ലക്ഷം രൂപ വകയിരുത്തിയ ഈ പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായാണ് ബിജെപി ആരോപിക്കുന്നത്. ഇതിലേക്കുള്ള വെള്ളം പമ്പ് ചെയ്യാന്‍ കുഴിച്ച കിണറിന്റെ സ്ഥലം ഇവിടുത്തെ ഒരു പ്രദേശ വാസി പദ്ധതിക്കായി വിട്ടു നല്‍കിയതാണ്. എന്നാല്‍ വേണ്ടത്ര ആഴം കൂട്ടാതെ കുഴിച്ച കിണറില്‍ മഴക്കാലം അവസാനിക്കുന്ന ഈ സമയത്ത് ഒരു മീറ്ററില്‍ താഴെ മാത്രമേ വെള്ളമുള്ളൂ. ഈ വെള്ളം തന്നെ കുടിക്കാന്‍ പറ്റാത്ത ചെളിവെള്ളവുമാണ്. അല്‍പ്പനേരം പമ്പ് ചെയ്താല്‍ വറ്റിപ്പോകാവുന്ന വെള്ളമേ കിണറില്‍ ഇപ്പോഴുള്ളൂ എന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനുവേണ്ടി ഒരു വര്‍ഷം മുന്‍പ് പണിത വാട്ടര്‍ ടാങ്കും മലിനമാണ്. അത് ഇതുവരെ വൃത്തിയാക്കിയിട്ടില്ല. വെള്ളം വിതരണം ചെയ്യാനായി സ്ഥാപിച്ച പിവിസി പൈപ്പുകള്‍ ഗുണനിലവാരം കുറഞ്ഞതും വേണ്ടത്ര ആഴത്തിലല്ല അവ സ്ഥാപിച്ചിരിക്കുന്നതെന്നും ബിജെപി പേരാവൂര്‍ മണ്ഡലം സെക്രട്ടറി എന്‍.വി.ഗിരീഷ് പറഞ്ഞു. റോഡില്‍ പുറത്തു കാണത്തക്ക നിലയില്‍ ഇട്ടിരിക്കുന്ന പൈപ്പുകള്‍ ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കയറി ഉദ്ഘാടനത്തിന് മുന്‍പേ പൊട്ടിക്കഴിഞ്ഞു. പതിനഞ്ചു ലക്ഷം മുടക്കി പണികഴിപ്പിച്ച ഈ പദ്ധതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: