കട്ടപ്പന: ജീപ്പ് അപകടത്തെ തുടര്‍ന്ന് കല്ലാര്‍ പുഴയില്‍ കാണാതായ ചെരുവിള പുത്തന്‍വീട് സി.ബി സുരേന്ദ്രന് എന്ന കൊച്ചുകുട്ടനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. ഇന്നലെ കൊച്ചിയില്‍ നിന്നെത്തിയ നേവി സംഘമാണ് തെരച്ചില്‍ നടത്തിയത്.
ഉച്ചയോടെ ആരംഭിച്ച തെരച്ചില്‍ വൈകുന്നേരം അവസാനിപ്പിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നും നേവിയുടെ ഏഴംഗ മുങ്ങല്‍ വിദഗ്ദ്ധരാണ് ഉച്ചയോടെ കല്ലാറിലെത്തിയത്. രണ്ടരയോടെ ഇവര്‍ അപകടം നടന്ന സ്ഥലത്ത് പരിശോധനകള്‍ ആരംഭിച്ചു. ആധുനീക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധനകള്‍ നടത്തിയത്. അപകടം നടന്ന സ്ഥലത്തും പുഴയുടെ ഇരു കരകളിലും അടിത്തട്ടിലും ടണല്‍ മുഖത്തിന് സമീപം വരെയും പല തവണ തെരച്ചില്‍ നടത്തി. വായു നിറച്ച ബോട്ട് അധിക വേഗത്തില്‍ ഓടിച്ചും പരിശോധന നടന്നു. ശ്രമം വിഫലമായതോടെ വൈകുന്നേരത്തോടെ തെരച്ചില്‍ അവസാനിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് നിയന്ത്രണം നഷ്ടപെട്ട ജീപ്പ് കല്ലാര്‍ പുഴയിലേയ്ക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന പുത്തന്‍പുരയ്ക്കല്‍ അനീഷ് പരുക്കുകളോടെ രക്ഷപെട്ടിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
പിന്നീട് ഫയര്‍ ഫോഴ്സും രാത്രിയോടെ ഇവരുടെ മുങ്ങല്‍ വിദഗ്ദ്ധരും കാണാതായ കൊച്ചു കുട്ടന് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നു. ഫയര്‍ ഫോഴ്സ് തെരച്ചില്‍ അവസാനിപ്പിച്ചതോടെ പോലീസ് നേവിയുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: