ചെറുതോണി : ചെറുതോണിയില്‍ ആധുനിക ബസ് ടെര്‍മിനല്‍ വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 2013-14 ലെ ബജറ്റിലൂടെ ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണിയാണ് ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ചെറുതോണി പോലീസ് സ്റ്റേഷനോടു ചേര്‍ന്നുള്ള ജില്ലാ പഞ്ചായത്തിന്റെ കൈവശത്തിലുള്ള 10 ഏക്കര്‍ സ്ഥലത്താണ് ടെര്‍മിനല്‍ നിര്‍മ്മിക്കുക. ആദ്യം 12 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. പിന്നീട് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് 25 കോടിയിലെത്തി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഓഫീസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ സൗകര്യങ്ങളോടെ ഇടുക്കി ആര്‍ച്ച് ഡാമിന്റെ മാതൃകയില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി. കേരളത്തിലെ തന്നെ ഒന്നാംകിട ബസ് ടെര്‍മിനലാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഒരേ സമയം 27 ബസുകളില്‍ ആളെ കയറ്റിയിറക്കുന്നതിനുള്ള ബസ്വേയും നൂറിലധികം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഓട്ടോറിക്ഷാ-ടാക്സി പാര്‍ക്കിംഗ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെര്‍മിനലിനുള്ളില്‍ രണ്ടുനില കെട്ടിടമാണ് ഉയരുന്നത്. ഒന്നാം നിലയില്‍ 150 പേര്‍ക്ക് ഇരിക്കാവുന്ന ഹോട്ടല്‍ സൗകര്യവും 210 ച.മീറ്ററില്‍ ഓഫീസ് റൂമുകളും 230 ച.മീറ്ററില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള സൗകര്യങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വിശ്രമ സ്ഥലവും ടോയ്ലെറ്റ് അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം നിലയില്‍ ആറു സ്യൂട്ട് റൂമുകളും 50 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയും 210 ച.മീറ്ററില്‍ ഓഫീസ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെര്‍മിനലിന്റെ മുന്‍ഭാഗം വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഡോര്‍മിറ്ററി സൗകര്യങ്ങള്‍ക്കുമാണ് പ്രയോജനപ്പെടുത്തുന്നത്. മൂന്നു നിലകളിലായി 40 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള 30 വ്യാപാര സ്ഥാപനങ്ങള്‍ക്കും നാലാം നിലയില്‍ 100 പേര്‍ക്ക് താമസിക്കാവുന്ന 780 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഡോര്‍മിറ്ററിയും ടെര്‍മിനല്‍ പൂര്‍ത്തിയാവുന്നതോടെ സജ്ജമാവും. ചെറുതോണി – പൈനാവ് റോഡില്‍ നിന്ന് ബസ് ടെര്‍മിനലിലേക്ക് 90 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള പാലം നിര്‍മ്മിക്കും. ഇതിനായി 4 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബസ് ടെര്‍മിനലില്‍ നിന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്കുള്ള 670 മീറ്റര്‍ ദൂരം 8 മീറ്റര്‍ വീതിയില്‍ റോഡും കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക നടപ്പാതയും നിര്‍മ്മിക്കും. ടെര്‍മിനലില്‍ നിന്ന് പുറത്തേക്ക് 8 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിച്ച് പോലീസ് സ്റ്റേഷന് കവാടത്തിലെത്തിച്ചേരും. പ്രകൃതിയ്ക്ക് കോട്ടം തട്ടാതെ പ്രത്യേക തട്ടുകളായി ക്രമീകരിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ടെര്‍മിനലിന്റെ സമീപ പ്രദേശങ്ങളില്‍ മനോഹരമായ പൂന്തോട്ടവും ചില്‍ഡ്രന്‍സ് പാര്‍ക്കും വിശ്രമ സ്ഥലവും ക്രമീകരിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് മുഖേന സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയാണ് ടെര്‍മിനലിന്റെ നിര്‍മ്മാണം നടത്തുന്നത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്. ഇന്നു നടത്താനിരുന്ന ചെറുതോണി ബസ് ടെര്‍മിനലിന്റെ നിര്‍മ്മാണോദ്ഘാടനം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ മാറ്റിവയ്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: