തൊടുപുഴ: കാളിയാര്‍ റബ്ബര്‍ എസ്റ്റേറ്റില്‍ വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു. എസ്റ്റേറ്റ് മാനേജ്മെന്റ് കൈവശപ്പെടുത്തി വച്ചിരിക്കുന്ന മിച്ച ഭൂമി സമരക്കാര്‍ കയ്യേറി കൊടി നാട്ടി.
ദിവസക്കൂലി അഞ്ചൂറ് രൂപയാക്കുക, മിച്ച ഭൂമി തൊഴിലാളികള്‍ക്ക് പതിച്ച് നല്‍കുക, ഇരുപത് ശതമാനം ബോണസ് നല്‍കുക, ലയങ്ങളുടെ ശേച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍ ഒരാഴ്ച മുന്‍പ് സമരം ആരംഭിച്ചത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍ വകുപ്പും എസ്റ്റേറ്റ് മാനേജ്മെന്റും ഒരു നീക്കവും നടത്തുന്നില്ല.
വരും ദിവസങ്ങളില്‍ പ്രശ്നം ഒത്തു തീര്‍പ്പായില്ലെങ്കില്‍ കടുത്ത സമരത്തിലേക്ക് പോകുമെന്ന് ബിഎംഎസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ബിഎംഎസ് അപലപിച്ചു. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന നിലപാടാണ് ബിഎംഎസ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ നടന്ന മിച്ചഭുമി കയ്യേറ്റ സമരത്തിന് ബിഎംഎസ് ജില്ല ജോയിന്റ് സെക്രട്ടറി എ.പി സഞ്ചു, എസ്റ്റേറ്റ് യൂണിയന് ജില്ല സെക്രട്ടറി ദിലീപ് വണ്ണപ്പുറം, നേതാക്കളായ സുധീഷ്, ഷൈന്‍, മായ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: