മുട്ടം : മലങ്കര ഡാം അറ്റകുറ്റപ്പണികള്‍ക്കായി തുറന്നതിനാല്‍ ജലാശയത്തില്‍ വെള്ളം വളരെ കുറഞ്ഞു. പല സ്ഥലങ്ങളിലും വലിയ തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മുട്ടം മുതല്‍ അറക്കുളം വരെയുള്ള ജലസംഭരണ സ്ഥലങ്ങള്‍ എല്ലാം തെളിഞ്ഞ് വന്നിരിക്കുകയാണ്. ഡാം ബലവത്താക്കുന്നതിനുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഡാമിന്റെ മധ്യഭാഗത്തായി കോണ്‍ക്രീറ്റ് ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ചില സ്ഥലങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള സ്വാഭാവിക ചോര്‍ച്ചയെ തടയുവാനാണ് ഗണേറ്റിംഗ് വര്‍ക്കുകള്‍ നടത്തുന്നത്. ജലനിരപ്പ് താഴ്ന്നതോടെ പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ജലശേഷി താഴ്ന്നിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ കുളിക്കാനും കുടിക്കാനുമായി ഈ ജലസംഭരണിയെയാണ് ആശ്രയിക്കുന്നത്. ജലാശയത്തിന്റെ സമീപ പ്രദേശങ്ങളിലുള്ള കൃഷിയിടങ്ങളിലേക്കും വെള്ളം പമ്പ് ചെയ്യാറുണ്ട്. ജലനിരപ്പ് താഴ്ന്നതോടെ ജലാശയത്തില്‍ ഇറങ്ങി കുളിക്കാന്‍ പോലും സാധിക്കുന്നില്ല. ജലാശയത്തില്‍ ഇപ്പോള്‍ ചെളിവെള്ളമാണ് അവശേഷിക്കുന്നത്. ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് എംവിഐപി അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: