തൊടുപുഴ : തൊഴിലാളി സംഘടന നേതാക്കന്മാരുടെ വഞ്ചന പുറത്ത് കൊണ്ടുവന്നതിന്റെ ജാള്യത മറച്ചുവയ്ക്കാന്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്ന ഇടത് – വലത് തൊഴിലാളി സംഘടന നേതാക്കളുടെ നടപടി അവസാനിപ്പിക്കണമെന്ന് ദേശീയ ജനാധിപത്യ സഖ്യം ഇടുക്കി ജില്ലാ സമിതി ആവശ്യപ്പെട്ടു. അതിജീവനത്തിനായി പോരാടുന്ന വനിതാ തൊഴിലാളികള്‍ക്ക് എല്ലാവിധ സഹായവും പിന്തുണയും നല്കുവാന് തൊടുപുഴയില്‍ ചേര്‍ന്ന എന്‍ഡിഎ ജില്ലാ സമിതി യോഗം തീരുമാനിച്ചു. തോട്ടം മേഖലയില്‍ തൊഴിലാളി സംഘടനകള്‍ ഇപ്പോള്‍ നടത്തുന്ന സമരം വനിതാ കൂട്ടായ്മയെ തകര്‍ക്കുന്നതിനും തോട്ടം ഉടമകളെ സഹായിക്കുന്നതിനുമുള്ള തന്ത്രമാണ്. കാലാകാലങ്ങളായി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാതെ അവരെ വഞ്ചിക്കുകയും കമ്പനിയുടെ ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കുകയും ചെയ്തവര്‍ ഇപ്പോള്‍ സമരവുമായി രംഗത്ത് വന്നിരിക്കുന്നത് തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ്. തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളും അവരുടെ ആശ്രിതരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവയ്ക്ക് പരിഹാരം നേടുന്നതിനുമായി ദേശീയ വനിതാ കമ്മീഷന് ഉടന്‍ തന്നെ മൂന്നാര്‍ സന്ദര്‍ശിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും നേതാക്കള്‍ പറഞ്ഞു. തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ ലയങ്ങള്‍ പരിഷ്കരിക്കുന്നതിന് ടീ ബോര്‍ഡ് നടപടികള്‍ ആരംഭിച്ചിട്ടുള്ളതാണ്. ഇതിനായി ടീ ബോര്‍ഡിന് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തോട്ടങ്ങളിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഇഎസ്എ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ നിന്നും കൂടുതലായി യാതൊന്നും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയിട്ടില്ല. സംസ്ഥാന സര്‍ക്കാരും തൊഴിലാളി സംഘടന നേതാക്കളും തോട്ടം ഉടമകളും അടങ്ങുന്ന ഒരു അവിശുദ്ധ കൂട്ടുകെട്ട് തൊഴിലാളികള്‍ക്ക് എതിരായി മൂന്നാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തകര്‍ത്താല്‍ മാത്രമേ തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ സാധിക്കുകയുള്ളൂ. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ യോജിച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനും കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. പി.സി തോമസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എന്‍ഡിഎ ജില്ലാ സമിതിയോഗം തീരുമാനിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന് അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ ജില്ലാ സമിതി അംഗങ്ങളായ ബിജെപി ജില്ലാ ജന. സെക്രട്ടറി ബിനു ജെ. കൈമള്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അഗസ്റ്റിന് വട്ടക്കുന്നേല്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ജി ജോയി, എല്‍ജെപി ജില്ലാ പ്രസിഡന്റ് എന്‍.വി രത്നാകരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: