പള്ളുരുത്തി: നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പള്ളുരുത്തി എസ്ഡിപിവൈ സ്‌കൂളില്‍ ബോംബ് വെച്ചന്ന ഫോണ്‍ സന്ദേശം പ്രദേശത്തെ രണ്ടര മണിക്കൂര്‍ നേരം മുള്‍മുനയില്‍ നിര്‍ത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഒമ്പത്മണിയോടെ പള്ളുരുത്തി പോലീസിന് വിവരം നല്‍കുകയും ഉടന്‍ പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ക്ലാസ് മുറികളില്‍ നിന്ന് കുട്ടികളെ പുറത്തിറക്കിയ ശേഷം തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. കുട്ടികള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ മോക്ഡ്രില്ലാണെന്ന് പറഞ്ഞാണ് പോലീസ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ നിന്ന് ഇറക്കിയത്.
സ്‌കൂളില്‍ സയന്‍സ് എക്‌സിബിഷന്‍ നടക്കുന്നതിനാല്‍ ചില കുട്ടികളുടെ ബാഗില്‍ നിന്ന് യന്ത്ര സാമഗ്രികള്‍ ലഭിച്ചെങ്കിലും അതെല്ലാം എക്‌സിബിഷന്റെ ഉപയോഗത്തിനുള്ളതാണെന്ന് പോലീസ് കണ്ടെത്തി.രണ്ടര മണിക്കൂര്‍ നേരം പോലീസ് സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളിലും കയറിയിറങ്ങി കുട്ടികളുടെ ബാഗ് ഉള്‍പ്പടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സ്‌കൂളിന് സമീപത്തെ ഒരു കടയിലെ കോയിന്‍ ബോക്‌സ് ഫോണില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒരു കുട്ടിയുടെ ശബ്ദത്തിലാണ് സന്ദേശം ലഭിച്ചത്. ഫോണ്‍ ചെയ്ത ആള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പള്ളുരുത്തി എസ്‌ഐ വി.വിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജനത്തെ നിയന്ത്രിച്ചത്.
















