ന്യൂയോര്‍ക്ക്: ഭാരത-പസഫിക് മേഖലയിലെ സമുദ്രാന്തര സുരക്ഷക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ ഭാരത, ജപ്പാന്‍, അമേരിക്കന്‍ ധാരണ. ത്രിരാഷ്‌ട്ര സഖ്യത്തിന്റെ ആദ്യയോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ജപ്പാന്‍ വിദേശകാര്യമന്ത്രി ഫുമിയോ കിഷിദ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നി രാഷ്‌ട്രനേതാക്കളാണ് ത്രിരാഷ്‌ട്ര സഖ്യയോഗത്തില്‍ പങ്കെടുത്തത്. തെക്കന്‍ ചൈനാ സമുദ്രമുള്‍പ്പടെയുള്ള മേഖലകളില്‍ നിയമപരമായ വാണിജ്യം, വിവിധ സംഘര്‍ഷങ്ങളില്‍ സമാധാനപൂര്‍വ്വമായ പരിഹാരം തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. അടുത്ത സംയുക്ത നാവികാഭ്യാസത്തില്‍ ജപ്പാന്‍ പങ്കെടുക്കുന്നതിനെ അമേരിക്കയും ഭാരതവും സ്വാഗതം ചെയ്തു.
മൂന്ന് രാജ്യങ്ങളിലെയും ദുരന്തനിവാരണ കഴിവുകളെക്കുറിച്ചും യോഗം വിലയിരുത്തി. മാനുഷികമായ സഹായങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും സംയുക്തമായി നടത്തുവാനും തീരുമാനമായി. മേഖലയുടെ സഹകരണകാര്യങ്ങള്‍ക്കായി ഒരു വിദഗ്ധ സമിതിക്കു രൂപം നല്‍കിയതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
















