ന്യൂയോര്‍ക്ക്: യുഎന്‍ സമാധാനപാലന സേനയിലേക്ക് കൂടുതല്‍ പേരെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനപാലന സേനയുമായി ബന്ധപ്പെട്ടുള്ള സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകാന്തരീക്ഷം മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമാധാനപാല സേനയുടെ ആവശ്യവും കൂടിവരികയാണ്. എന്നാല്‍ അതിന് അനുസരിച്ച് സൈനികരെ അയക്കാന്‍ സാധിക്കുന്നില്ല. ഇന്ന് സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ മാത്രമല്ല പലപല സങ്കീര്‍ണ്ണങ്ങളായ ദൗത്യവും അവര്‍ ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. അതിനു വേണ്ട വിഭവം നമുക്കില്ലതാനും. സമാധാന പാലന സേനയെ ബുദ്ധിപരമായി വേണം വിനിയോഗിക്കാന്‍. അവരുടെ പരിമിതികളും അറിയണം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ഉന്നതതല സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ച സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിനെ പ്രശംസിക്കുന്നു. മോദി പറഞ്ഞു.
നിലവിലുള്ളതോ പുതിയതോ ആയ ഓപ്പറേഷനുകള്‍ക്ക് നിയോഗിക്കാന്‍ ഭാരതം 850 സൈനികരെ നല്‍കും. ഇതിനു പുറമേ കൂടുതല്‍ വനിതാ പ്രാതിനിധ്യമുള്ള മൂന്ന് പോലീസ് യൂണിറ്റുകളെയും ഭാരതം യുഎന്നിന് നല്‍കും. യുഎന്‍ ദൗത്യങ്ങള്‍ക്ക് കൂടുതല്‍ സാങ്കേതികവിദഗ്ധരെയും നല്‍കും. ഭാരതം കൂടുതല്‍ യുഎന്‍ സമാധാന പാലന സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. മോദി പറഞ്ഞു.
നിലവില്‍ 180,000 ഭാരത സൈനികരാണ് യുഎന്‍ സമാധാന പാലന സേനയിലുള്ളത്. യുഎന്നിന്റെ 69 ദൗത്യങ്ങളില്‍ 48ലും ഭാരതം പങ്കാളിയായിട്ടുമുണ്ട്. യുഎന്‍ ദൗത്യങ്ങളില്‍ പങ്കെടുക്കവേ 161 ഭാരത സൈനികര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിയും വന്നിട്ടുണ്ട്. മോദി തുടര്‍ന്നു. 82 രാജ്യങ്ങളില്‍ നിന്നുള്ള 800 ഓഫീസര്‍മാക്ക് ഭാരതം പരിശീലനം നല്‍കിയിട്ടുണ്ട്.
പ്രസക്തിയും കാര്യക്ഷമതയും നിലനിറുത്താന്‍ യുഎന്‍ രക്ഷാ സമിതി പരിഷ്‌ക്കരിക്കേണ്ടതുണ്ട്. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മോദി ആവശ്യപ്പെട്ടു.
യുഎന്‍ ദൗത്യത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് മോദി അഭിവാദ്യം അര്‍പ്പിച്ചു. ഇവര്‍ക്ക് സ്മാരമായി വന്‍മതില്‍ നിര്‍മ്മിക്കാനുള്ള തീരുമാനം വേഗം നടപ്പാക്കണം. ഇതിന് ഭാരതവും സാമ്പത്തിക സഹായം നല്‍കാം. മോദി വാഗ്ദാനം ചെയ്തു.
















