മിന: മിനായില്‍ ഹജ്ജ് കര്‍മത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ തിക്കിലും തിരക്കിലും മരിച്ച ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണം 45 ആയി. രണ്ട് മലയാളികള്‍ ഉള്‍പ്പടെ പത്ത് പേരുടെ കൂടി മൃതദേഹങ്ങള്‍ അധികൃതര്‍ തിരിച്ചറിഞ്ഞു. ഇവരില്‍ മൂന്ന് പേര്‍ പശ്ചിമബംഗാള്‍ സ്വദേശികളും, രണ്ട് പേര്‍ കേരളം, ജാര്‍ഖണ്ഡ് സ്വദേശികളും തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും നിന്നുള്ള ഓരോരുത്തരുമാണ് ഉള്ളതെന്ന് ജിദ്ദയിലെ ഹജ്ജ് കോണ്‍സുലേറ്റ് അറിയിച്ചു.
ഞായറാഴ്ച 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ മരണസംഖ്യ 35 ആയി ഉയര്‍ന്നിരുന്നു. ഹജ്ജിനിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 769 ആയിട്ടുണ്ട്. 934 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 13 ഇന്ത്യക്കാര്‍ക്കും പരിക്കുണ്ട്.
സംഭവത്തില്‍ സൗദി രാജാവ് കമ്മറ്റി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. 180 രാജ്യങ്ങളില്‍ നിന്നായി രണ്ട് ദശലക്ഷത്തോളം ജനങ്ങളാണ് ഹജ്ജ് അനുഷ്ടിക്കാനായി ഇവിടെ എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നും ഒന്നര ലക്ഷം ഹാജിമാരാണ് ഹജ്ജിന് പുറപ്പെട്ടത്.
















