മരട്: കുണ്ടന്നൂരില്‍ നവോത്ഥാന നായകന്‍ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ ജെസിബി ഉപയോഗിച്ചു. തകര്‍ത്തെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടു നടന്ന 13 ദിവസത്തെ ഉജ്ജ്വലമായ സമരത്തിന്റെ ഫലമായി തകര്‍ത്തെറിഞ്ഞ പ്രതിമയുടെ സ്ഥാനത്ത് കേടുപാടുകള്‍ തീര്‍ത്ത പ്രതിമയും സ്മൃതിമണ്ഡപവും അതിരിക്കുന്ന 11 സെന്റ് ഭൂമിയും ഇന്നലെ വൈകീട്ട് 5ന് സൗജന്യമായി കുണ്ടന്നൂര്‍ ശ്രീഭഗവല്‍ സഹായ സംഘത്തിന് കൈമാറി. ഇതിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ച സംയുക്ത സമര സമിതി പ്രവര്‍ത്തകരെ പ്രാസംഗികര്‍ അനുമോദിച്ചു.
കുണ്ടന്നൂര്‍ ശ്രീഭഗവല്‍ സഹായ സംഘത്തിന്റെ ദേവിക്ഷേത്ര മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മന്ത്രി കെ. ബാബു ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മത്സ്യഫെഡ് ചെയര്‍മാനുമായ വി. ദിനകരന് പ്രസ്തുത ഭൂമിയുടെ പട്ടയം കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. വി. ദിനകരന്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് വിവിധ രാഷ്‌ട്രീയ സാമൂഹ്യ സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. രാധാകൃഷ്ണന്‍ (ധീവരസഭ സംസ്ഥാന പ്രസി.), ലളിത സോമനാഥന്‍ (ധീവര മഹിളാസഭ താലൂക്ക് സെക്രട്ടറി), ഇ.എന്‍. നന്ദകുമാര്‍ (ആര്‍എസ്എസ്), എം. നന്ദനന്‍ (ബിജെപി), പി.ആര്‍. ഷാനവാസ് (സിപിഎം), എ.ആര്‍. പ്രസാദ് (സിപിഐ), ജോണ്‍ തോട്ടത്തില്‍ (എന്‍സിപി), ടി.കെ. മണി (എസ്എന്‍ഡിപി), കെ.ആര്‍. അജയന്‍ (ഘണ്ടാകര്‍ണ്ണ പുലയസഭ), മേലേത്ത് രാധാകൃഷ്ണന്‍ (എന്‍എസ്എസ്) തുടങ്ങിയവര്‍ സംസാരിച്ചു. പി.എസ്. പ്രദീപന്‍ സ്വാഗതവും പി.എസ്. സുബീഷ് നന്ദിയും രേഖപ്പെടുത്തി.
















