ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി. ആദ്യം അമേരിക്കയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളുടെ മേധാവിമാരുമായി ചര്‍ച്ചയായിരുന്നു. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി കൂടുതല്‍ വിദേശ നിക്ഷേപം വന്‍കിട യുഎസ് കമ്പനികളില്‍ നിന്ന് നേടുകയാണ് മോദിയുടെ പ്രധാന ദൗത്യം. ജെപി മോര്‍ഗന്‍ മേധാവി ജാമി ഡൈമണ്‍, ബഌക്ക് സ്‌റ്റോണിന്റെ സ്റ്റീവ് ഷ്വാര്‍മാന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.3 ശതമാനത്തില്‍ എത്തിയ കാര്യം എടുത്തു പറഞ്ഞ മോദി വിദേശ നിക്ഷേപത്തില്‍ 40 ശതമാനം വളര്‍ച്ചയുണ്ടായ കാര്യവും വിശദീകരിച്ചു.സാമ്പത്തിക അന്തരീക്ഷം ഇനിയും മെച്ചപ്പെടുമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സന്തുഷ്ടരാണെന്നും ഭാരതം തങ്ങള്‍ക്ക് ആകര്‍ഷകമായ രാജ്യമായി മാറിയിട്ടുണ്ടെന്നും സിആര്‍ ഫണ്ട് മേധാവി വിക്കി ഫുള്ളര്‍ ചര്‍ച്ചയ്‌ക്കു ശേഷം പറഞ്ഞു. ഭാരത സര്‍ക്കാര്‍ വന്‍പരിഷ്‌കാരങ്ങളാണ് ഏറ്റെടുത്തു നടത്തുന്നതെന്നും ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നും ജെപി മോര്‍ഗന്‍ മേധാവി ജാമി ഡൈമണ്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ പ്രധാനപ്പെട്ട 47 കമ്പനി മേധാവികളുമായും മോദി ചര്‍ച്ച നടത്തും.
സിലിക്കോണ്‍ വാലി സന്ദര്‍ശിക്കുന്ന മോദി യുഎന്‍ സമ്മേളനത്തില്‍ പ്രസംഗിക്കും. 28ന് മോദി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. മോദി താമസിക്കുന്ന അതേ ഹോട്ടലിലാണ് താമസിക്കുന്നതെങ്കിലും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചര്‍ച്ചയൊന്നും ഉണ്ടാവില്ല. അതേ സമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബഌംബര്‍ഗുമായും മോദി ചര്‍ച്ച നടത്തും.
വാള്‍ഡോര്‍ഫ് അസ്‌റ്റോറിയ ഹോട്ടലിന്റെ 35ാമത്തെ നിലയിലുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് താമസം. പ്രശസ്ത വിമാന നിര്‍മ്മാണക്കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ചെയര്‍മാന്‍ മരിലിന്‍ എ. ഹ്യൂസണ്‍, പ്രമുഖ കാര്‍ നിര്‍മ്മാണക്കമ്പനിയായ ഫോര്‍ഡിന്റെ മേധാവി മാര്‍ക്ക് ഫീല്‍ഡ്‌സ്, പെപ്‌സിക്കോ മേധാവി ഇന്ദ്ര നൂയി,ആപ്പിള്‍ മേധാവി ടിം കുക്ക്, ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ല, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, അഡോബ് മേധാവി ശന്തനു നാരായണ്‍ എന്നിവരുമായും മോദി ചര്‍ച്ചകള്‍ നടത്തും.
















