ഡെറാഡൂൺ: ബുധനാഴ്ച രാത്രി പത്തരയോടെ സമാധിയായ സ്വാമി ദയാനന്ദ സരസ്വതിയുടെ സമാധിയിരുത്തൽ ചടങ്ങ് ഇന്ന് ഋഷികേശിലെ ആശ്രമത്തിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആധ്യാത്മികാചാര്യൻ കൂടിയായ അദ്ദേഹം ദീർഘകാലമായിരോഗബാധിതനായിരുന്നു.
ശ്വാസതടസത്തെത്തുടർന്ന് ഈ മാസം പതിമൂന്നിനാണ് അദ്ദേഹത്തെ ഡെറാഡൂണിലെ സ്വാമി രാം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 87 കാരനായ അദ്ദേഹത്തെ ആരോഗ്യം തീരെ മോശമായതിനെത്തുടന്ന് ബുധനാഴ്ച ആശ്രമത്തിൽ മടക്കിക്കൊണ്ടുവരികയും ചെയ്തിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു രണ്ടു ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടായി അദ്ദേഹവുമായി അടുത്ത ബന്ധമുള്ള മോദി മുക്കാൽ മണിക്കൂറോളം സ്വാമിക്കൊപ്പം ചെലവിടുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻെറ മരണത്തിൽ മോദി അനുശോചനം രേഖപ്പെടുത്തി. സ്വാമി ദയാനന്ദ സരസ്വതിയുടെ വിടവാങ്ങൽ എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്. അദ്ദേഹത്തിൻെറ ആത്മാവിന് ശാശ്വത സമാധാനം നേരുന്നു. അറിവിൻെറയും ആത്മീയതയുടേയും സേവനത്തിൻെറയും ഊർജ്ജസ്രോതസായിരുന്നു അദ്ദേഹം.മോദി ട്വിറ്ററിൽ കുറിച്ചു.
അശോക് സിംഘൽ അടക്കം പ്രമുഖർ കഴിഞ്ഞാഴ്ച അദ്ദേഹത്തെ സന്ദർശിച്ചിരുന്നതായി അദ്ദേഹത്തിൻെറ ശിഷ്യ സാധ്വി ബ്രഹ്മ പ്രകാശാനന്ദ പറഞ്ഞു. പ്രമുഖ ചലച്ചിത്ര താരം രജനീകാന്തും അദ്ദേഹത്തിൻെറ അനുയായിയാണ്.
1930 ആഗസ്റ്റ് 15ന് ഗോപാല അയ്യരുടെയും വല്ലാംബാളിന്റെയും മകനായി തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ മഞ്ചക്കുടിയിലാണ് ജനനം. 1957-ല്‍ സ്വാമി ചിന്മയാനന്ദ സരസ്വതി സ്വാമികളുടെ മാര്‍ഗദര്‍ശനത്തിന്‍ കീഴില്‍ ആദ്ധ്യാത്മികജീവിതം ആരംഭിച്ചു. 1962-ല്‍ സ്വാമികളില്‍നിന്നുതന്നെ സ്വാമി ദയാനന്ദസരസ്വതി എന്ന നാമധേയത്തില്‍ സന്ന്യാസദീക്ഷ സ്വീകരിച്ചു. തുടര്‍ന്ന് പ്രണവാനന്ദ സ്വാമികള്‍, താരാനന്ദസ്വാമികള്‍ എന്നിവരില്‍നിന്നും ഉപരിഗ്രന്ഥങ്ങള്‍ അധ്യയനം ചെയ്തു.
വേദാന്തപാഠനത്തിനു വേണ്ടി ഭാരതത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഋഷികേശിലെ സ്വാമി ദയാനന്ദാശ്രമം, കോയമ്പത്തൂരിനടുത്ത് ആനക്കട്ടിയിലുള്ള ആര്‍ഷവിദ്യാഗുരുകുലം, അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സെയിലേര്‍സ്‌ബെര്‍ഗിനടുത്തുള്ള ആര്‍ഷവിദ്യാഗുരുകുലം, നാഗ്പൂരിലുള്ള ആര്‍ഷ വിജ്ഞാനഗുരുകുലം എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്.
സ്വാമിജിയുടെ ജന്മദേശമായ മഞ്ചക്കുടിയില്‍ നാലായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വാമി ദയാനന്ദ സ്‌കൂള്‍സ് ആന്‍ഡ് കോളേജസ് ഗ്രാമമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മാതൃകയാണ്. 2003-ല്‍ സ്വാമിജിയുടെ നേതൃത്വത്തില്‍ ഹിന്ദു ആചാര്യസഭ രൂപീകരിച്ചു. ശാസ്ത്രീയസംഗീതത്തെ പോഷിപ്പിക്കാന്‍ ആര്‍ഷകലാഭൂഷണം പുരസ്‌കാരം ഏര്‍പ്പെടുത്തി. അറുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. ഇതില്‍ ഉപനിഷദ്‌വ്യാഖ്യാനങ്ങളും ഭഗവദ്ഗീതാവ്യാഖ്യാനവും ഉള്‍പ്പെടുന്നു.
ശൃംഗേരി മഠം ഏര്‍പ്പെടുത്തിയ ശങ്കരാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് സ്വാമിജിക്കാണ്. കോഴിക്കോട് അദ്വൈതാശ്രമം ഇക്കഴിഞ്ഞ ജനുവരിയില്‍ വേദാന്തരത്‌നം പുരസ്‌കാരം നല്കി സ്വാമിജിയെ ആദരിച്ചിട്ടുണ്ട്.
















