ന്യൂദല്‍ഹി: പാര്‍ട്ടി നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒളിച്ചുകളി. കഴിഞ്ഞ ദിവസം മുതല്‍ രാഹുല്‍ രാജ്യത്തില്ലെന്ന വിവരം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം നയിക്കേണ്ട നേതാവ് മുങ്ങിയതിനെ എങ്ങനെ ന്യായീകരിക്കുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് പാര്‍ട്ടി വക്താക്കള്‍. അദ്ദേഹം യുഎസിലേക്ക് പോയെന്നാണ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ നിര്‍ബന്ധിത അവധിയിലാണെന്ന് ബിജെപി പ്രതികരിച്ചു.
പാര്‍ലമെന്റ് സമ്മേളനത്തിനിടെ 56 ദിവസം അജ്ഞാതവാസത്തിലാണ്ട് പാര്‍ട്ടിയെ ഒന്നാകെ കുഴപ്പത്തിലാക്കിയിരുന്നു രാഹുല്‍. അന്ന് അദ്ദേഹം എവിടെയെന്ന് ആര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. അതേസമയം, ഇത്തവണത്തെ യാത്ര യുഎസിലേക്കെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. യുഎസിലെ ആസ്‌പെനില്‍ സ്വകാര്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ പോയതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചൊവ്വാഴ്ച രാത്രി പറഞ്ഞത്. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം രാഹുല്‍ നയിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇതില്‍ കൂടുതലെന്തെങ്കിലും പറയാന്‍ സുര്‍ജേവാലയ്‌ക്കും കഴിഞ്ഞില്ല. സോണിയാ ഗാന്ധിയുടെ അസുഖബാധിതയായ അമ്മയെ കാണാന്‍ യുഎസിലേക്കാണ് പോയതെന്നും നേതാക്കള്‍ സ്വകാര്യമായി പറയുന്നു.
















