ന്യൂദല്‍ഹി: ഗാര്‍ഹിക പീഡന കേസില്‍ ദല്‍ഹി മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് ആംആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. സോംനാഥ് ഭാരതി ആംആദ്മി പാര്‍ട്ടിക്കും കുടുംബത്തിനും പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
പോലീസിനെ ഭയന്ന് സോംനാഥ് ഭാരതി എന്തിനാണ് ഒളിച്ചോടുന്നതെന്ന് ചോദിച്ച കെജ്‌രിവാള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹം അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സോംനാഥ് ഭാരതി ഒളിവില്‍പോയത്. ഓഫീസിലും വസതിയിലും പോലീസ് ചൊവ്വാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും ഭാരതിയെ കണ്ടെത്താനായില്ല.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നു ഭാരതിയുടെ അഭിഭാഷകന്‍ അറിയിച്ചരുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി സോംനാഥ് ഭാരതിയുടെ ഭാര്യ ലിപിക കഴിഞ്ഞ ജൂണിലാണു ദല്‍ഹി വനിതാ കമ്മീഷനു പരാതി നല്‍കിയത്.
ഗര്‍ഭിണിയായിരുന്ന കാലത്തു വളര്‍ത്തുനായയെ തന്റെ നേര്‍ക്ക് അഴിച്ചുവിട്ട് ആക്രമിക്കാന്‍ മുതിര്‍ന്നുവെന്നും ലിപികയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഭാരതിക്കെതിരെ ഭാര്യ ഉന്നയിച്ച പരാതികള്‍ ഗൗരവമുള്ളതാണെന്നും അതിന് രേഖകളുടെ പിന്‍ബലമുണ്ടെന്നും ചൊവ്വാഴ്ച കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
















