ന്യൂദല്‍ഹി: നിലവിലുള്ള സംവരണക്രമം പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ വിശദീകരിച്ചു. സംവരണനയം സംബന്ധിച്ച് സര്‍ സംഘചാലക് അഭിമുഖമോ അഭിപ്രായ പ്രകടനമോ നടത്തിയിട്ടില്ലെന്നും വൈദ്യ വ്യക്തമാക്കി.
സംവരണ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍, സംവരണനയം രൂപപ്പെടുത്തിയവരുടെ അഭിലാഷപ്രകാരം, സമൂഹത്തിലെ മുഴുവന്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ടതും യഥോചിതവുമായ നേട്ടങ്ങള്‍ ലഭിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ പൗരന്മാരും ഈ രീതിയില്‍ ചിന്തിക്കണം, ഡോ. വൈദ്യ പറഞ്ഞു.
വാസ്തവത്തില്‍, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയെക്കുറിച്ച്, അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികവേളയില്‍, അര്‍പ്പിത സ്വയം സേവകന്‍, പ്രചാരകന്‍ എന്നീ നിലയിലും അദ്ദേഹത്തിന്റെ ദര്‍ശന പദ്ധതിയായ ഏകാത്മ മാനവ ദര്‍ശനത്തിന്റെ പ്രസക്തിയും സംബന്ധിച്ചായിരുന്നു ഓര്‍ഗനൈസറിനും പാഞ്ചജന്യയ്‌ക്കും നല്‍കിയ അഭിമുഖത്തില്‍ സര്‍ സംഘചാലക് സംസാരിച്ചത്, വൈദ്യ വിശദീകരിക്കുന്നു.
സര്‍ സംഘചാലക് പറഞ്ഞത്
പൊതുവേ മുന്‍ കേന്ദ്ര സര്‍ക്കാരുകളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രവര്‍ത്തന സ്വഭാവത്തെക്കുറിച്ചു പരാമര്‍ശിക്കവെ, ഓര്‍ഗനൈസറിനു നല്‍കിയ അഭിമുഖത്തില്‍, നയങ്ങളിലും നടപടികളിലും അനാവശ്യ രാഷ്‌ട്രീയം കലര്‍ത്തുന്നതിനെക്കുറിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സൂചിപ്പിച്ചു. തുടര്‍ന്നുള്ള ചോദ്യത്തിനാണ് അഭിമുഖത്തില്‍ അദ്ദേഹം സംവരണനയത്തെക്കുറിച്ച് പരാമര്‍ശിച്ചത്. സര്‍സംഘചാലക് പറഞ്ഞു,
” സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള സംവരണ നയം ഇക്കാര്യത്തില്‍ നല്ലൊരുദാഹരണമാണ്. അതിന്മേല്‍ രാഷ്‌ട്രീയം കലര്‍ത്തുന്നതിനു പകരം ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്തതുപോലെ ഈ നയം നടപ്പാക്കിയിരുന്നെങ്കില്‍, ഇന്നത്തെ സ്ഥിതി വരില്ലായിരുന്നു. തുടക്കം മുതലേ അത് രാഷ്‌ട്രീയവല്‍ക്കരിച്ചു.
രാജ്യതാല്‍പര്യങ്ങളിലും സാമൂഹ്യ സമത്വത്തിലും ശരിയായ ജാഗ്രതയുള്ള ജനങ്ങളും, സമൂഹത്തിലെ ചില പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിച്ച്, അവര്‍ തീരുമാനിക്കട്ടെ ഏതൊക്കെ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏത്രകാലം സംവരണം വേണമെന്ന്. സ്വയംഭരണ കമ്മീഷനുകളെപ്പോലുള്ള, രാഷ്‌ട്രീയ രഹിതമായ സമിതി അതിന്റെ നടപ്പാക്കല്‍ ചുമതല നിര്‍വഹിക്കട്ടെ; അതിലെ സത്യസന്ധതയും വിശ്വാസ്യതയും രാഷ്‌ട്രീയ അധികാരികള്‍ വിലയിരുത്തട്ടെ.” സര്‍ സംഘചാലകിന്റെ ഈ അഭിപ്രായമാണ് തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചത്.
















