ന്യൂദല്‍ഹി: പാക്കിസ്ഥാനിലും പാക്കധിനിവേശ കശ്മീരിലുമായി 1,150 ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞുകയറ്റത്തിന് അവസരം കാത്ത് സജ്ജരായി നില്‍ക്കുന്നുവെന്ന് സൈന്യം. 325 കൊടും ഭീകരര്‍ നിയന്ത്ര രേഖയില്‍ പാക്കിസ്ഥാന്‍ ഭാഗത്ത് എത്തിക്കഴിഞ്ഞു. കിട്ടിയ രഹസ്യ വിവരങ്ങള്‍ അനുസരിച്ച് 17 ഭീകരപരിശീലന ക്യാമ്പുകള്‍ പാക്കിസ്ഥാനിലും അധിനിവേശ കശ്മീരിലുമായുണ്ട്, സേനാ കമാണ്ടര്‍ ലഫ്. ജനറല്‍ സതീഷ് ദുവ പറഞ്ഞു.
ഈ പരിശീലന ക്യാമ്പുകളിലെ ഭകീരരുടെ എണ്ണം 100-1,150 ആണ്. നിയന്ത്രണ രേഖയിലെ 23 വിവിധ കേന്ദ്രങ്ങളിലായി 315-325 ഭീകരര്‍ സജ്ജരായി നില്‍ക്കുന്നുണ്ട്. അവര്‍ നുഴഞ്ഞുകയറ്റത്തിന് അവസരം കാത്തു നില്‍ക്കുകയാണ്. എന്നാല്‍, ഏറെ കാത്തിട്ടും ലക്ഷ്യം നടക്കാത്തതില്‍ ഭീകരര്‍ക്കിടയില്‍ത്തന്നെ അസ്വസ്ഥതയും നിരാശയുമുണ്ടെനും ദുവ പറഞ്ഞു.
എന്നാല്‍, ഈ ഭീകരരോട് എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന നിര്‍ദ്ദേശവും സമ്മര്‍ദ്ദവും മുകളില്‍നിന്നുണ്ട്.
ജാഗരൂകരായ ഭാരത സൈന്യത്തിന്റെ നീക്കങ്ങള്‍ അവരുടെ എല്ലാ ശ്രമങ്ങളും നിഷ്ഫലമാക്കുകയാണ്. ഭീകരര്‍ കൂടുതല്‍ എളുപ്പ വഴിയില്‍ അതിര്‍ത്തി പ്രദേശത്തെ ഗ്രാമവാസികള്‍ക്കെതിരേ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തുന്നതായും ജനറല്‍ ദുവ പറഞ്ഞു.
















