ന്യുദല്‍ഹി: ഭാരതം ഇസ്രയേലില്‍ നിന്നും ഡ്രോണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. പാകിസ്ഥാനും ചൈനയും വ്യോമാക്രമണത്തിന് ഡ്രോണ്‍ സജ്ജമാക്കിയിട്ടുള്ള സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ഭീകരരെ നേരിടാന്‍ പാകിസ്ഥാന് നിലവില്‍ ഡ്രോണ്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്.
ഇസ്രയേലില്‍ നിന്നുള്ള 10 ഹെറോണ്‍ ആളില്ലാ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള വ്യോമസേനയുടെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനായി 1620 കോടി രൂപ അനുവദിച്ചുകൊണ്ട് ഈ മാസം ആദ്യം സര്‍ക്കാര്‍ ഉത്തരവായി. ഇസ്രയേലിയന്‍ സര്‍ക്കാര്‍ സ്ഥാപനമായ ഇസ്രയേലി എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് ആണ് ഹെറോണ്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്.
പാക് മേഖലയില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാന്‍ ബി.എസ്.എഫിന് മതിയായ പ്രതിരോധ സംവിധാനമില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്ന് വര്‍ഷം മുമ്പ് തന്നെ ഇസ്രയേലില്‍ നിന്ന് യുദ്ധാവശ്യത്തിനുള്ള ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ആലോചനകളുണ്ടായിരുന്നെങ്കിലും തീരുമാനം വേഗത്തിലാക്കാന്‍ വ്യോമസേന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.
കശ്മീരില്‍ പാകിസ്താന് ഭാഗത്തുനിന്നും തീവ്രവാദികളുടെ ഭാഗത്തുനിന്നും ആക്രമണം ശക്തമായ സാഹചര്യത്തിലാണ് സൈന്യം ആളില്ലാ വിമാനങ്ങള്‍ക്കുവേണ്ടി ആവശ്യം ശക്തമാക്കിയത്.
ഏതാണ്ട് 70 രാജ്യങ്ങള്‍ പ്രതിരോധ രംഗത്ത് ആളില്ലാ പോര്‍വിമാനങ്ങള്‍ സജീവമായി ഉപയോഗിക്കുന്നുണ്ട്.
















