ഏഥന്‍സ്: ഗ്രീസ് പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും ഇടതുപക്ഷത്തിനു വിജയം. 35 ശതമാനം വോട്ടുകള്‍ നേടി പുരോഗമന ഇടതുപക്ഷ നേതാവ് അലക്‌സിസ് സിപ്രാസിന്റെ സിരിസ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവുകള്‍ തോല്‍വി സമ്മതിച്ചു.
കഠിനാധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും വിജയമെന്നാണ് സിപ്രസ് പ്രതികരിച്ചത്. സാമ്പത്തിക പ്രസിസന്ധിയില്‍ നിന്ന് കരകയറാനുള്ള സര്‍ക്കാര്‍ മാര്‍ഗങ്ങള്‍ക്ക് നല്‍കിയ ജനപിന്തുണയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് നേതാവ് വാന്‍ജലിസ് മെയ്‌മരാക്കിസ് ഇടത് നേതാവായ അലക്‌സി സിപ്രാസിനെ അഭിനന്ദിച്ചു.
300ല്‍ 144 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷത്തിന്റെ വിജയം. ഡെമോക്രാറ്റുകള്‍ക്ക് 75 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസിനെ പുതിയ നേതാക്കള്‍ എങ്ങനെ നയിക്കുമെന്നത് യൂറോപ്യന്‍ യൂണിയനും ലോകവും ഉറ്റുനോക്കുകയാണ്.
ഈ വര്‍ഷം രാജ്യം അഭിമുഖീകരിക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്.
















