ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജിഡിപിയും എബിസിയും തമ്മിലുള്ള മത്സരമാണെന്ന് ബിജെപി. തെരഞ്ഞെടുപ്പ് അജണ്ട ജി-ഗുഡ് ഗവേണന്‍സ് (സദ്ഭരണം), ഡി- ഡവലപ്മെന്റ് (വികസനം), പി- പ്രോഗ്രസ് (പുരോഗതി) എന്നിവയും എ-അനാര്‍ക്കി (അരാജകത്വം), ബി-ബാഡ് ഗവേണന്‍സ് (ദുര്‍ഭരണം), സി-കറപ്ഷന്‍ (അഴിമതി) എന്നിവയും തമ്മിലുള്ള ബലപരീക്ഷണമാണ്, ബിജെപി നേതാവും മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
രാഹുല്‍ ഗാന്ധി ചമ്പാരനില്‍ നടത്തിയ രാഷ്ട്രീയ റാലിയില്‍ നിന്ന് നിതീഷ് കുമാറും വിട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മഹാസഖ്യത്തിലെ ആളുകള്‍ക്കു വേദി പങ്കിടാന്‍ ഒരുക്കമാണെങ്കില്‍ അതുതന്നെ കാണിക്കുന്നത് മഹാ പരാജയം അവര്‍ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നുവെന്നുതന്നെയാണ്, നഖ്വി പറഞ്ഞു.
മഹാസഖ്യമുണ്ടാക്കി. പക്ഷേ സഖ്യകക്ഷികള്‍ തമ്മില്‍ മുഖാമുഖം നോക്കാത്ത അവസ്ഥയാണ്. അത്രത്തോളം ഭിന്നത അവര്‍ക്കിടയിലുണ്ട്. അവര്‍ തമ്മില്‍ നോക്കാന്‍ ലജ്ജിക്കുന്നെങ്കില്‍ പിന്നെ എങ്ങനെ ബീഹാര്‍ ജനത അവര്‍ക്കൊപ്പം നില്ക്കും.
അതുകൊണ്ടുതന്നെ ബീഹാറില്‍ ലാലു-നിതീഷ്-കോണ്‍ഗ്രസ് സഖ്യം വമ്പന്‍ പരാജയം നേരിടും, നഖ്വി പറഞ്ഞു.
നിലവിലുള്ള ബീഹാര്‍ നിയമസഭാ കാലാവധി നവംബര്‍ 29-നാണ് തീരുന്നത്. തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 12-ന് തുടങ്ങും നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
















