ന്യൂദല്‍ഹി: ഐക്യരാഷ്‌ട്ര രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകര്‍ന്നു ഫ്രാന്‍സിന്റെ നിലപാട്. ഈ ആവശ്യത്തിനായി ഭാരതത്തിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചതായി ഫ്രാന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യു.എന്നിന്റെ സമാധാന ദൗത്യങ്ങളിലെ ഭാരതത്തിന്റെ ഇടപെടലുകളെ ഫ്രാന്‍സ് സ്വാഗതം ചെയ്തു. ലോക സമാധാന പാലനത്തിന് ഭാരത സേനയെ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ലോക സമാധാനവും സുരക്ഷയും ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനവും നിലനിര്‍ത്തുന്നതില്‍ പ്രതിജ്ഞാ ബദ്ധമാണ്. മനുഷ്യര്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളോടുള്ള വിയോജിപ്പും ഫ്രാന്‍സ് രേഖപ്പെടുത്തി.
യു.എന്‍ രക്ഷാ സമിതിയില്‍ നിര്‍ണ്ണായക മാറ്റം വരുത്താനുള്ള പ്രമേയത്തിന്റെയും അംഗത്വത്തിന്റെയും കാര്യത്തിലെ ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ പിന്തുണ. ഇക്കൊല്ലം ആദ്യം നടന്ന ഫ്രഞ്ച് സന്ദര്‍ശനത്തില്‍ മോദിയും ഫ്രാന്‍സ്വ ഒലാദും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
















