വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ പദ്ധതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇടവകയിലെ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി സഭ ആവശ്യപ്പെട്ടത് പ്രത്യേക പാക്കേജ്. ഇതില്‍ പല ആവശ്യങ്ങളും അംഗീകരിക്കാമെന്ന് ഉറപ്പ് നല്കി.
കുടിയോഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പരിസര പ്രദേശത്ത് അഞ്ചു സെന്റ് സ്ഥലവും വീടും നല്‍കണം.സ്ഥലത്തിനു ഉപാധി രഹിത പട്ടയം വിതരണം ചെയ്യണം. നിലവിലെ ഉപാധി പട്ടയങ്ങള്‍ റദ്ദു ചെയ്യണം. ഭാവന നിര്‍മ്മാണത്തിന് ഇഎസ്ഐ നിയമം ഭേദഗതി ചെയ്യണം. നിലവില്‍ പദ്ധതി പ്രദേശത്തു സ്ഥിതിചെയ്യുന്ന ആരാധനാലയങ്ങള്‍ സംരക്ഷിക്കണം. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കായിക പരിശീലനം നടത്തുന്നതിനും ഇടവക തിരുനാള്‍ നടക്കുമ്പോള്‍ പതിനായിരങ്ങള്‍ വന്നു കൂടുന്ന നിലവിലെ സെന്റ് അലോഷ്യസ് ഗ്രൗണ്ട് ഏറ്റെടുക്കേണ്ട സാഹചര്യം വന്നാലും പകരം സംവിധാനം ഒരുക്കണം.
തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനു പ്രത്യേക സാങ്കേതിക തൊഴില്‍ പരിശീലനവും മറ്റു അനുബന്ധ സഹായങ്ങളും നല്‍കണം. മത്സ്യ വിതരണ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കണം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സിഗ്നല്‍ സ്റ്റേഷന് സ്ഥാപിക്കണം. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കമ്പവല, തട്ട്മടി, കട്ടമരം, എന്നിവയ്ക്ക് മതിയായ ധനസഹായം നല്‍കണം. അപകട മരണം സംഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കണം.
മത്സ്യ കച്ചവടത്തിനും മത്സ്യ ലേലത്തിനുമുള്ള സൗകര്യം ഒരുക്കണം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും വാങ്ങാന്‍ പലിശ രഹിത വായ്പ അനുവദിക്കണം. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന മത്സ്യ സംസ്കരണ ഫാക്ടറിയില്‍ ഇടവകയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കണം. മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന പെര്‍മിറ്റ് മണ്ണെണ്ണയുടെ അളവ് 1000 ലിറ്ററായി ഉയര്‍ത്തണം.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണം. മറൈന്‍ കോളേജ്, ഫിഷറീസ് കോളേജ്, തൊഴില്‍ അധിഷ്ടിത സ്ഥാപനങ്ങള്‍ എന്നിവ അനുവദിക്കണം. ആരോഗ്യ സംരക്ഷണ രംഗത്ത് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വിഴിഞ്ഞം സി.എച്ച്.സിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തണം. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. വൈദ്യുതി, ശുദ്ധ ജല വിതരണം, റോഡ് വികസനം എന്നിവ കാര്യക്ഷമമാക്കണം. തുടങ്ങിയ ആവശ്യങ്ങളാണ് സഭ ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: