ആലപ്പുഴ: വിദേശ-ആഭ്യന്തര ടൂറിസ്റ്റുകള്‍ അനേകമെത്തുന്ന കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ആലപ്പുഴ പട്ടണത്തിലെ റെയില്‍വേ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും വെയിലും മഴയും കൊള്ളാതെ യാത്രക്കാര്‍ക്കു കാത്തിരിക്കുന്നതിന് സൗകര്യപ്രദമായ മേല്‍ക്കൂര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു ആവശ്യമുയരുന്നു.
മഴയും വെയിലും കൊള്ളാതെ ട്രെയിനില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ് ആലപ്പുഴ അടക്കമുള്ള റെയില്‍വേ സ്റ്റേഷനുകളിലുള്ളത്. നിലവില്‍ തീവണ്ടിയുടെ ആകെ നീളത്തില്‍ പ്ലാറ്റ്‌ഫോമില്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ പ്രതികൂല കാലാവസ്ഥകളില്‍ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നു.
ഓവര്‍ ബ്രിഡ്ജ് പടികള്‍ പ്ലാറ്റ്‌ഫോമില്‍ ചേരുന്ന ഭാഗങ്ങളില്‍ മേല്‍ക്കൂരയില്ല. നിലവിലുള്ള പ്ലാറ്റ്‌ഫോം മേല്‍ക്കുരകളില്‍ പലയിടത്തും ചോര്‍ച്ചയുണ്ടുതാനും. റെയില്‍വേ സ്‌റ്റേഷനെ ആകെ മൂടുന്ന തരത്തിലുള്ള അര്‍ദ്ധവൃത്താകാരത്തിലുള്ള വന്‍ മേല്‍ക്കൂര (ഡോം) സ്ഥാപിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും. റെയില്‍വേ സ്റ്റേഷനില്‍ ദീര്‍ഘ നേരം ട്രെയിന്‍ കിടക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ട്രെയിനുള്ളിലെ എയര്‍കണ്ടീഷന്‍ഡ് അല്ലാത്ത ബോഗികളിലെ യാത്രക്കാര്‍ക്കും ഇത്തരത്തിലുള്ള മേല്‍ക്കൂര ആശ്വാസമായി മാറും.
കാല്‍ നൂറ്റാണ്ടു പഴക്കമുള്ള ആദ്യകാല മേല്‍ക്കൂരഭാഗം അറ്റകുറ്റപ്പണികളുടെ ഭാഗമായി നീക്കേണ്ടി വരുമ്പോള്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താം. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരം ഡോം മേല്‍ക്കൂരകളില്ലെങ്കിലും മറ്റിടങ്ങളില്‍ സ്ഥാപിച്ചുവരുന്നുണ്ടെന്ന് തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.
















