വാഷിങ്ടണ്‍: ഭീകരതയ്‌ക്കെതിരേ ഐക്യ രാഷ്‌ട്ര സംഘടന അസന്ദിഗ്‌ദ്ധവും കര്‍ശനവുമായ സന്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിനെഴുതിയ കത്തില്‍ അഭിപ്രായപ്പെട്ടു. ജൂലൈ നാലിന് എഴുതിയ കത്ത് ഇന്നലെ യുഎന്‍ ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു.
കത്തില്‍നിന്ന്: പുതിയ സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ കുടുതല്‍ ശക്തമായ നടപടികള്‍ വേണം. രണ്ടാം ലോകയുദ്ധത്തിന്റെ ചാരക്കൂമ്പാരത്തില്‍നിന്നു രൂപപ്പെട്ട യുഎന്നിന് 70 വാര്‍ഷികത്തില്‍ വലിയ ദൗത്യങ്ങളുണ്ട്. അന്ന് യുദ്ധം രാജ്യങ്ങള്‍ തമ്മിലായിരുന്നു. ഇന്ന് വ്യവസ്ഥാപിതമല്ലാത്ത മാര്‍ഗ്ഗത്തിലുള്ള ഭീകരാക്രമണങ്ങളാണ് നടക്കുന്നത്.
ഈ അന്താരാഷ്‌ട്ര ഭീകരതയെ നേരിടണം.തീര്‍ച്ചയായും നാം രാജ്യങ്ങളുടെ സംഘത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കണം. ഭീകരതയെ നേരിടാന്‍ കൂടുതല്‍ സജ്ജമാകണം, ആഗോളതല തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. ഈ ചരിത്ര വര്‍ഷത്തില്‍ ഭീകരതയോട് ഒരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്ന് അസന്ദിഗ്‌ദ്ധമായ സന്ദേശം നല്‍കാന്‍ നമുക്കു കഴിയണം.
70 വര്‍ഷത്തിനിടെ സുരക്ഷ നേരിടുന്ന ഭീഷണി ഏറെ മാറി, സങ്കീര്‍ണ്ണമായി, അവിചാരിതതലത്തിലായി, അസാധാരണമായി. നമ്മുടെ ജീവിതം ആഗോളതലത്തില്‍ വിവിധ രീതിയില്‍ വളര്‍ന്നു, പക്ഷേ, കുഴപ്പങ്ങളും നമുക്കു ചുറ്റും വളരുകയാണ്.
മുന്‍കാലങ്ങളിലുണ്ടായ നയവീഴ്ചകള്‍ ഉള്‍പ്പെടെ കണക്കിലെടുത്ത് നമ്മുടെ ആഗോള മുന്‍ഗണനകള്‍ പരിഗണിച്ച്, ഐക്യ രാഷ്‌ട്ര സംഘടനയുടെ അടിസ്ഥാന സ്തംഭങ്ങളായ സമാധാനം, സുരക്ഷ, മനുഷ്യാവകാശം, വികസനം എന്നീക്കാര്യങ്ങളിലെ വെല്ലുവിളികള്‍ നാം നേരിടണം.
സമാധാന സംരക്ഷണത്തിന് ഇനിമേല്‍ ഇതുവരെ തുടര്‍ന്നു വന്ന യജ്ഞരീതി തുടര്‍ന്നാല്‍ മതിയോ എന്നു പുനരാലോചിക്കണം, കത്തില്‍ വിശദീകരിക്കുന്നു.
















