ന്യൂദല്‍ഹി: കേജ്‌രിവാള്‍ സര്‍ക്കാരിന്റെ ചട്ടവിരുദ്ധ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് ദല്‍ഹി ലഫ്. ഗവര്‍ണ്ണര്‍ നജീബ് ജങ് ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പു നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ജ്ജീവമെന്നോ റദ്ദാക്കിയതെന്നോ പ്രഖ്യാപിച്ച ഉത്തരവുകള്‍ നടപ്പാക്കാന്‍ കേജ്‌രിവാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ അതനുസരിക്കരുതെന്നാണ് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ സേവന വ്യവസ്ഥകളുള്ള ജീവനക്കാര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണെന്നും ഉത്തരവ് മറികടന്നാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്നും ഗവര്‍ണ്ണര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഈ ഉത്തരവ് ലംഘിച്ച് എടുക്കുന്ന ഏതു നടപടിയ്‌ക്കും സമാധാനം പറയേണ്ടിവരും. നടപടികളിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന ഏതു ചെറിയ നഷ്ടവും നടപ്പാക്കുന്നവരില്‍നിന്ന് ഈടാക്കും, നിര്‍ദ്ദേശം പറയുന്നു.
ഇതോടെ ദല്‍ഹിയില്‍ മുഖ്യമന്ത്രി കേജ്‌രിവാളും ഗവര്‍ണ്ണര്‍ നജീബ് ജങും തമ്മിലുള്ള അധികാര തര്‍ക്കം ശക്തമായി. കേന്ദ്ര സര്‍ക്കാരിനെ മറികടന്ന് സംസ്ഥാനത്ത് രാഷ്‌ട്രീയം കളിക്കാനുള്ള കേജ്‌രിയുടെ പരിശ്രമങ്ങള്‍ മുളയിലേ നുള്ളുന്നതാണ് ഗവര്‍ണ്ണറുടെ നടപടി.
















