അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ പുന്നക്കല്‍ വീട്ടില്‍ സ്റ്റീഫന്‍(54) വണ്ടാനംമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച സംഭവത്തിലാണ് സ്റ്റീഫന്റെ ഭാര്യ ലീലാമ്മ, സഹോദരന്‍ യോഹന്നന്‍ എന്നിവര്‍ മൊഴി നല്‍കിയത്.
ജോലിക്കിടെ ശക്തമായ വയറുവേദന അനുഭവപ്പെട്ട സ്റ്റീഫനെ കഴിഞ്ഞ മൂന്നിനാണ് ആശുപത്രിയിലെത്തിച്ചത്. പത്താംവാര്‍ഡിലേക്ക് മാറ്റിയെങ്കിലും മതിയായ ചികിത്സ നല്‍കിയിരുന്നില്ലെന്നും തുടര്‍ന്ന് നാലിന് രാത്രി ഏഴ് മണിയോടെ സ്റ്റീഫന്‍ മരിക്കുകയാണുണ്ടായതെന്നുമാരോപിച്ച് ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ജി സുധാകരന്‍ എം എല്‍ എ, ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി മനു സി പുളിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി എസ് ജോസഫ്, സ്റ്റീഫന്റെ ബന്ധുക്കള്‍ എന്നിവര്‍ ആശുപത്രി സൂപ്രണ്ട്, എ ഡി എം: ടി ആര്‍ ആസാദ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും മരണകാരണം വിദഗ്ധ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നും സ്റ്റീഫന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കണമെന്നും ആവശ്യമുന്നയിച്ചത്.
ഇത് അനുഭൂതപൂര്‍വം പരിഹരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറായത്. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി എസ് ഷാജഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണം തുടരുകയാണ്. ഈ ഘട്ടത്തില്‍ എഴുതി തയാറാക്കിയ മൊഴിയാണ് ബന്ധുക്കള്‍ അന്വേഷണസംഘത്തിന് വ്യാഴാഴ്ച കൈമാറിയത്.
എന്നാല്‍ സംഭവദിവസം ആശുപത്രിയിലെത്തിയ ജി സുധാകരന്‍ എം എല്‍ എ ആരോഗ്യവകുപ്പ് മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍ ആശുപത്രിയില്‍ നേരിട്ടെത്തി അന്വേഷണം നടത്തുമെന്ന് അറിയിച്ചെങ്കിലും നാളിതുവരെ ഇളങ്കോവന്‍ എത്താത്തത് സ്റ്റീഫന്റെ ബന്ധുക്കളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബന്ധുക്കള്‍ വീണ്ടും ഹാജലാകണമെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.
















