ഇനി ലക്ഷ്മണന്‍ ശ്രീരാമന്റെ സഹജനാണ്. വീരനും യുദ്ധനിപുണനുമാണ്. ശസ്ത്രാസ്ത്ര വിശാരദനും അദ്വിതീയനുമാണ്. സുഗ്രീവനെ നമ്മുടെ ശത്രുപക്ഷത്തിലെ ഉപനായകനെന്ന് വേണമെങ്കില്‍ പറയാം. അദ്ദേഹം ദുര്‍ബലനോ ഭീരുവോ അല്ല. ബാലിജീവിച്ചിരുന്ന കാലത്ത് ജ്യേഷ്ഠനോടുള്ള വിനയാധിക്യം മൂലം കുറെയേറെ അടങ്ങി ഒതുങ്ങി ജീവിച്ചിരുന്നു എന്നത് വാസ്തവമാണ്.
ലോകത്തിലെ പ്രബലന്‍മാരുടെ കൂട്ടത്തില്‍ ബാലി കഴിഞ്ഞാല്‍ അടുത്ത പ്രബലനായ മഹാ ബലവാന്‍ സുഗ്രീവനാണെന്ന് പറയാം. ഒരു മഹാസൈന്യം തന്നെ സുഗ്രീവന്റെ കീഴില്‍ സദാ സന്നദ്ധരായുണ്ട്. അങ്ങനെയുള്ള സുഗ്രീവനെ അവഗണിക്കുന്നത് ബുദ്ധിപൂര്‍വ്വമായിരിക്കുമെന്ന് തോന്നുന്നില്ല.
ഇവരെ കൂടാതെ ഹനുമാന്‍, അംഗദന്‍, ജാംബവാന്‍, നളന്‍, നീലന്‍ മുതലായ മഹാവീരന്മാര്‍ ആ സംഘത്തിന് വേറെയുമുണ്ട്. അവരെ രാക്ഷസവീരന്മാര്‍ക്ക് എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നത് വിഢിത്തമായിരിക്കും.
ഇനി നാം നമ്മുടെ സംഘബലത്തെക്കൂടി ചിന്തിക്കാം. സര്‍വലോക ജേതാവായ അങ്ങാണ് നമ്മുടെ സംഘത്തിലെ അനിഷേധ്യനായ നായകന്‍. കരബലം, ശരബലം, വരബലം എന്നിവയില്‍ അദ്വിതീയനും ലോകവീരനുമാണ് അങ്ങ് എന്ന് വിശ്വവിശ്രുതി നേടിയിട്ടുണ്ട്. എങ്കിലും ധനുര്‍വേദത്തില്‍ അങ്ങയേക്കാള്‍ അറിവും കഴിവും വൈദഗ്‌ദ്ധ്യവും ഉള്ളവനാണ് രാമന്‍. അങ്ങേക്കു ലഭിച്ച വരത്തില്‍ അങ്ങ് മനുഷ്യനാല്‍ വദ്ധ്യനല്ലെന്ന് പറയുന്നുമില്ല. രാമന്‍ മനുഷ്യനാണ്. ഈ സന്ദര്‍ഭത്തില്‍ ഇതിനെപ്പറ്റി നല്ലപോലെ ചിന്തിക്കേണ്ടതായുണ്ട്.
ബലശാലിയും ധീരനുമായ ഒരു യുവ യോദ്ധാവാണ് നമ്മുടെ മേഘനാദന്‍. മായാവിയായ മഹാരഥനും ഇന്ദ്രനെ ജയിച്ചവനുമാണ്. വിവിധ മുറയിലുള്ള യുദ്ധതന്ത്രങ്ങളില്‍ നിപുണനായ ശ്രീരാമന്റെ ദിവ്യാസ്ത്രപ്രയോഗത്തേയും ലക്ഷ്മണന്റെ ആയുധവിദ്യാ നൈപുണ്യത്തേയും മറികടക്കാന്‍ ഇന്ദ്രജിത്തിന് കഴിയുമെന്ന് തോന്നുന്നില്ല.
പതിന്നാലു വര്‍ഷം നിരാഹാരനിര്‍ന്നിദ്രവ്രതവും സുസ്ഥിര ബ്രഹ്മചര്യവും അനുഷ്ഠിച്ച ഒരു മനുഷ്യനില്‍നിന്നു മാത്രമേ തനിക്ക് മരണമുണ്ടാകുകയുള്ളു എന്ന ഇന്ദ്രജിത്തിന്റെ അപൂര്‍വവരത്തെ മറികടക്കാന്‍ ലക്ഷ്മണന് കഴിവുണ്ട്. ഇത് ലക്ഷ്മണനുപോലും അറിവില്‍ പെടാത്ത ഒരു പരമരഹസ്യമാണ്. ലക്ഷ്മണന്‍ വനവാസകാലാരംഭം മുതല്‍ ഇന്നേദിവസം വരേയും നിരാഹാരനും നിര്‍നിദ്രനും സ്ഥിരബ്രഹ്മചാരിയുമായാണ് ജീവിക്കുന്നത്.
ഇനി എന്റെ ജ്യേഷ്ഠനും അങ്ങയുടെ അനുജനുമായ കുംഭകര്‍ണ്ണന്‍. ദേഹപുഷ്ടിയും ബലവും ധാരാളമുള്ളവനാണെങ്കിലും പ്രത്യേക വരപ്രഭാവങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ വൈപുല്യവും പ്രാബല്യവും ധൈര്യവും സാഹസവും പ്രശംസിക്കത്തക്കതാണെങ്കിലും, രാമബാണങ്ങള്‍ക്ക് അദ്ദേഹത്തെ നിഷ്പ്രയാസം നശിപ്പിക്കാന്‍ കഴിയുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്.
ഇനി നമ്മുടെ സേനാനായകന്മാരും വീരന്മാരുമായ മത്തന്‍, ഉന്മത്തന്‍, പ്രഹസ്തന്‍, വികടന്‍, ജംബുമാലി, പ്രജംഘന്‍, കുംഭന്‍, നികുംഭന്‍, അകമ്പനന്‍, കംബനന്‍, മഹോദരന്‍, മഹാപാര്‍ശ്വന്‍, ത്രിശിരസ്സ്, അതികായന്‍, ദേവാന്തകന്‍, നരാന്തകന്‍, ധൂമ്രാക്ഷന്‍, മകരാക്ഷന്‍ തുടങ്ങിയ പ്രബലരും പ്രശസ്തരുമായ പലരുമുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും രാമനെ നേരിടാന്‍ കഴിയുകയില്ല.
ഇനി അതിഗൗരവതരമായ മറ്റൊരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീരാമന്‍ കേവലം മനുഷ്യനല്ല. പിന്നെ ആരാണെന്നറിയുന്നത് സാദ്ധ്യവുമല്ല. അദ്ദേഹം അഗ്നിയോ, ദേവേന്ദ്രനോ അല്ല. പതിനാലു മനുക്കളില്‍ പെട്ട വൈവസ്വത മനുവോ, ദിക്പാലകന്മാരായ നിര്യര്‍തി വരുണന്‍, ഈശാനന്‍ തുടങ്ങിയവരോ അഷ്ടവസുക്കളോ ദേവന്മാരോ ആരുമല്ല. സര്‍വ ദേവന്മാര്‍ക്കും ദേവദേവനായ സാക്ഷാല്‍ മഹാവിഷ്ണുവാണദ്ദേഹം.
ശ്രീ മഹാവിഷ്ണു സര്‍വലോക സംരക്ഷകനാണ്. ദുഷ്ടനിഗ്രഹവും ശിഷ്ടാനുഗ്രഹവും കൊണ്ട് അദ്ദേഹം ലോകത്തില്‍ രക്ഷാകര്‍മ്മം നിര്‍വ്വഹിച്ചുവരുന്നു. ഓരോ കാലങ്ങളില്‍ അനുരൂപങ്ങളായ ഓരോ അവതാരങ്ങളെടുത്ത് ശ്രീനാരായണന്‍ തന്റെ ധര്‍മ്മ സംരക്ഷണമെന്ന കൃത്യം നിര്‍വഹിച്ചുവരുന്നു.
ഹയഗ്രീവനെ നിഗ്രഹിക്കുന്നതിനുവേണ്ടി അദ്ദേഹം മത്സ്യമായി അവതരിച്ചു. പാലാഴിമഥനത്തില്‍ താണുപോയ മന്ഥരപര്‍വതത്തെ ഉയര്‍ത്താനായി അദ്ദേഹം കൂര്‍മ്മാവതാരമെടുത്തു.
വരാഹരൂപം ധരിച്ച് ഹിരണ്യാക്ഷനെ നിഗ്രഹിച്ച് അദ്ദേഹം ഭൂമിയെ ഉദ്ധരിച്ചു. പ്രഹഌദനെ രക്ഷിക്കുന്നതിന്നുവേണ്ടി നരസിംഹാവതരാമെടുത്ത് അദ്ദേഹം ഹിരണ്യകശിപുവിനെ നിഗ്രഹിച്ചു.
വാമനാവതാരമെടുത്ത് മഹാബലിയില്‍നിന്നും ഭൂമിയേയും സ്വര്‍ഗത്തേയും മുക്തമാക്കി. ഭാര്‍ഗവരാമനായി അവതരിച്ച് ദുഷ്ട ക്ഷത്രിയരെ സംഹരിച്ചു.
ഇപ്പോള്‍ അങ്ങയുടെ നാശത്തിനായി രാമാവതാരം കൈക്കൊണ്ടിരിക്കുന്നു. അങ്ങ് ത്രിലോക വിജയിയാണെന്നതില്‍ യാതൊരു സംശയവുമില്ല. അങ്ങയെ എതിരിട്ടവരില്‍ ഒന്നുരണ്ടുപേരെ ഒഴിച്ച് പലരേയും വധിക്കുകയും ചിലരെ ബന്ധനസ്ഥരാക്കുകയും ചെയ്തിട്ടുണ്ട്. അനേകം മഹര്‍ഷിമാരേയും വൈദിക ബ്രാഹ്മണരേയും അങ്ങ് ചിത്രവധം ചെയ്തിട്ടുണ്ട്. അനവധി സ്ത്രീകളെ വിധവകളാക്കി. സതികളെ ചതിച്ച് ഗതികെട്ടവരാക്കിത്തീര്‍ത്തു. അങ്ങും അങ്ങയുടെ അനുചരന്മാരും കൂടി ചെയ്തുതീര്‍ത്തിട്ടുള്ള ദ്രോഹപ്രവൃത്തികള്‍ ചില്ലറയല്ല. അതിന്റെ പ്രതിഫലം ലഭിക്കേണ്ട സമയമായിരിക്കുന്നു. ഈശ്വരഹിതം അതേപടി നടപ്പാക്കുകതന്നെ ചെയ്യും. എന്നാല്‍ ഭക്തിയോടുകൂടി ആ പാദങ്ങളില്‍ സ്വയം സമര്‍പ്പിച്ച് സേവിച്ചാല്‍ കരുണാമയനും ഭക്തവത്സലനുമായ ഭഗവാന്‍ തീര്‍ച്ചയായും രക്ഷിക്കുകയും ചെയ്യും. അതുകൊണ്ട് കൃപാസാഗരമാണ് ഭഗവാന്‍ എന്ന് മനസ്സിലാക്കി, സീതയെ തിരികെ രാമസന്നിധിയില്‍ ഏല്പിച്ച് അദ്ദേഹത്തിന്റെ കരുണക്കായി അപേക്ഷിക്കുകയാണ് അങ്ങ് ചെയ്യേണ്ടത്.
















