ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് കാമ്പസും ജനറല്‍ ആശുപത്രി കാമ്പസും പുകയില നിരോധിത മേഖലയായി ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ പ്രഖ്യാപിച്ചു. പുകയില നിയന്ത്രണ നിയമമായ സിഗററ്റ്-പുകയില നിരോധന നിയമപ്രകാരമാണ് (കോട്പ) നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കളക്ടര്‍ പറഞ്ഞു. കോട്പ നിയമത്തിന്റെ ജില്ലാതല മോണിറ്ററിങ് കമ്മറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
നിയമം അനുശാസിക്കുന്ന പ്രകാരമുള്ള ബോര്‍ഡുകള്‍ ഇവിടങ്ങളില്‍ സ്ഥാപിക്കാന്‍ അദ്ദേഹം എക്‌സൈസ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുകയിലമുക്ത കേരളം എന്ന ലക്ഷ്യത്തിനായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ യോഗത്തിന് ശേഷം കോട്പ നിയമപ്രകാരം 269 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇതില്‍ 18 കേസുകള്‍ സ്‌കൂളുകള്‍ക്ക് സമീപത്തുനിന്നുമാണ്. കോട്പ നിയമപ്രകാരം 51,200 രൂപ പിഴ ഈടാക്കി. നഗരത്തിലെ പേരെടുത്ത വിദ്യാലയങ്ങളില്‍ നിന്നുപോലും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുളിമുറികളില്‍ നിന്ന് പാന്‍മസാലപാക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതരും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗരൂകരാകണമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.
















