തുരുത്തി: പുന്നമൂട് ജംഗ്ഷനില്‍ എം.സി റോഡിന്റെ സമീപമുള്ള റ്റി.എസ് സ്റ്റോഴ്‌സ്, തകിടിയില്‍ സ്റ്റോഴ്‌സ്, ബിയോജ് മൊബൈല്‍സ് എന്നീ കടകളിലും മറ്റക്കരയില്‍ ലാലി നരേന്ദ്രന്‍ എന്നയാളിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. രാത്രി 11 മണിക്കും പുലര്‍ച്ചെ 4നും ഇടയ്‌ക്കുള്ള സമയമാണ് മോഷണം നടന്നതായി പറയുന്നത്. ആള്‍താമസമില്ലാതെ കിടന്നിരുന്ന ലാലി നരേന്ദ്രന്റെ വീടിന്റെ പിന്നില്‍ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന കെ.എല്‍-5 വി 275 നമ്പരിലുള്ള ബൈക്കാണ് നഷ്ടപ്പെട്ടത്. പുലര്‍ച്ചെ യാത്ര പോകാനായി എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം ഉടമസ്ഥന്‍ അറിയുന്നത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച രാവിലെ 7 മണി ആയപ്പോള്‍ ബസ് കയറാന്‍ നിന്നവരാണ് മൊബൈല്‍ ഷോപ്പിന്റെ ഷട്ടറുകള്‍ തുറന്ന് കിടക്കുന്നത് കണ്ടത്. വിശദമായ പരിശോധനയില്‍ ഈ കടയില്‍നിന്ന് സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയതായി മനസ്സിലായി. തുടര്‍ പരിശോധനയില്‍ സമീപത്തെ രണ്ട് കടകളിലും പൂട്ടുപൊളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിജോയ് മൊബൈല്‍സില്‍നിന്ന് സ്മാര്‍ട്ട് ഫോണ്‍ കൂടാതെ പണപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 8500 രൂപയും നഷ്ടപ്പെട്ടു. വിലയുള്ള മൊബൈലുകള്‍ മാത്രമാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. മറ്റുള്ളവ ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞ രണ്ട് മാസമേ ആയുള്ള ഈ കട പ്രവര്‍ത്തനം തുടങ്ങിയിട്ട്. ഏകദേശം 1.20 ലക്ഷം രൂപയുടെ കവര്‍ച്ച നടന്നതായി കടയുടമ പറഞ്ഞു. മറ്റ് കടകളില്‍നിന്നും സിഗരറ്റ് മുതല്‍ സ്റ്റേഷനറി സാധനങ്ങള്‍ വരെയാണ് മോഷണം പോയിരിക്കുന്നത്. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. മോഷണം നടത്തിയവര്‍ക്കായി അനേ്വഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
















