മുംബൈ : മധ്യപ്രദേശിലെ ജബുവയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 89 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിലെ മുഖ്യപ്രതി രാജേന്ദ്ര കാസ്‌വയെ പോലീസ് പിടികൂടി. മഹാരാഷ്‌ട്രയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ സഹോദരങ്ങളെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് രാജേന്ദ്ര കസ്‌വയുടെ ഒളിത്താവളം പോലീസ് അറിഞ്ഞത്.
സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രത്യേകസംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. ഉഗ്ര സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി രാജേന്ദ്ര കാസ്‌വയുടെ സഹോദരന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്‌ടെത്തിയിരുന്നു. പാറമടകളിലേക്കായുള്ള വന്‍തോതിലുള്ള സ്‌ഫോടക വസ്തുക്കളാണ് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്.
പാറയുള്ള പ്രദേശങ്ങളില്‍ കിണര്‍ കുഴിക്കുന്ന ആവശ്യത്തിനായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് കസാവയ്‌ക്കുണ്ടായിരുന്നു. പുതിയ ബസ് സ്റ്റാന്റും ഹോട്ടലും ഉള്‍പ്പടെയുള്ള തിരക്കേറിയ പ്രദേശത്തുള്ള തന്റെ വസതിയില്‍ ഇതിന് ആവശ്യമായ വസ്തുക്കളാണ് ഇയാള്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏതാനും വാഹനങ്ങളും കത്തിനശിച്ചു.
















