ജയ്‌പൂര്‍: ഹൈന്ദവ മൂല്യങ്ങള്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് തള്ളേണ്ടതിനെ തള്ളണമെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എല്ലാറ്റിനേയും സമന്വയിപ്പിക്കുന്ന ഹൈന്ദവ ജീവിതദര്‍ശനത്തില്‍ സ്ത്രീ-പുരുഷ തുല്യതയ്‌ക്കല്ല, സഖ്യത്തിനാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോളം എഴുത്തുകാരുടെ രണ്ടുദിവസത്തെ യോഗത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരത സംസ്‌കാരിക പാരമ്പര്യം തെറ്റായ സമ്പ്രദായങ്ങള്‍ തള്ളുകയും ശരിയെ ലോകത്തെവിടെനിന്നുള്ളതായാലും സ്വീകരിക്കുകയും ചെയ്യുന്നതാണ്. അത് നമ്മുടെ സുദീര്‍ഘമായ ജീവിതമൂല്യമാക്കുകയും ചെയ്യും. സമൂഹം ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ച് ഒന്നിച്ചുനിന്ന് മുഴുവന്‍ മാനവികതയ്‌ക്കും ജീവിത ദര്‍ശനവും മാര്‍ഗ്ഗവും കാട്ടുകയും ചെയ്യും. ഹൈന്ദവ മൂല്യങ്ങള്‍ ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി നിലനില്‍ക്കാത്തതിനെ തള്ളിക്കളയേണ്ടത് ആവശ്യമാണ്. ഹിന്ദുധര്‍മ്മത്തിനു മാത്രമേ സൗഹാര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ മാനവികതയെ മുന്നോട്ടു നയിക്കാനാവൂ. ഇതു സാധ്യമാക്കാന്‍ നമ്മുടെ പൈതൃക മൂല്യങ്ങളും ആധുനിക സാഹചര്യങ്ങളും തമ്മില്‍ ഐക്യപ്പെടുത്തി നാം മുന്നോട്ടു പോകേണ്ടതുണ്ട്, സര്‍ സംഘചാലക് പറഞ്ഞു.
മൂല്യാധിഷ്ഠിത കുടുംബ സംവിധാനമാണ് ഹിന്ദു സമൂഹത്തിന്റെ ശക്തി. എല്ലാ സാമൂഹ്യ വെല്ലുവിളികളേയും നേരിട്ടു നിലനില്‍ക്കാന്‍ സഹായിക്കുന്നത് ഇതാണ്. പാശ്ചാത്യവല്‍ക്കരണം പോലുള്ള വെല്ലുവിളികള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകുന്നത് അതിന്റെ ആഴത്തിലുള്ള വേരോട്ടവും കരുത്തും മൂലമാണ്. ഹിന്ദു സങ്കല്‍പ്പ പ്രകാരം സ്ത്രീയും പുരുഷനും ജന്മംകൊണ്ട് ഒരേ തത്വത്തിന്റെ രണ്ടു പ്രകടഭാവങ്ങളാണ്. അതുകൊണ്ട് സ്ത്രീ-പുരുഷ തുല്യതയ്‌ക്കല്ല, സഖ്യത്തിനാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്.
ആര്‍എസ്എസ് പ്രചാര്‍ വിഭാഗ് സംഘടിപ്പിച്ച രണ്ടു ദിവസത്തെ യോഗം സ്ത്രീ ഹിന്ദു ദര്‍ശനത്തില്‍, മാധ്യമങ്ങളില്‍, രാഷ്‌ട്രീയത്തിലും ജുഡീഷ്യറിയിലും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. പ്രൊഫ. രാകേഷ് സിന്‍ഹ, അഡ്വ. മോനിക്ക അറോറ, ഡോ. സുവര്‍ണ റാവല്‍, മൃണാളിനി നാനിവഡേക്കര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
















